നിസാം ബഷീര്‍ – ബഷീര്‍ മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ റോഷാക്ക് തിയേറ്ററുകളില്‍ വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
അബുദാബിയിലെ ഡാല്‍മ മാളില്‍ വെച്ച് നടന്ന വിജയാഘോഷത്തോട് അനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തത്. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ മരണവും പിന്നിടുള്ള സംഭവ വികാസങ്ങളുമാണ് പാട്ടിലെ രംഗങ്ങള്‍.
ലൂക്ക് ആന്റണിയെ സംശയത്തോടെ നോക്കുന്ന നാട്ടുകാരെയും ഉള്‍പ്പെടുത്തിയാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. റോഷാക്ക് പോലെ ഏറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന രീതിയിലാണ് ഗാനവും എത്തിയിരിക്കുന്നത്.
മിഥുന്‍ മുകുന്ദനാണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോഷാക്ക് മികച്ച അഭിപ്രായം നേടുമ്പോള്‍ മലയാളികള്‍ എടുത്ത് പറയുന്ന ഒരു പേര് കൂടിയാണ് മിഥുന്‍ മുകുന്ദന്‍. റിവഞ്ച് ത്രില്ലര്‍ ഴോണറില്‍ നീങ്ങിക്കൊണ്ടിരുന്ന റോഷാക്കിനെ ബി.ജി.എം കൊണ്ട് വേറെ ലെവലിലെത്തിച്ചിരിക്കുന്നത് മിഥുനാണ്.
മലയാളത്തില്‍ മിഥുന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. അരങ്ങേറ്റത്തില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ മിഥുനായിട്ടുണ്ട്. ഇംഗ്ലീഷ് വരികള്‍ കൂടിച്ചേര്‍ന്ന് ഹോളിവുഡ് ടച്ചിലാണ് ചിത്രത്തിന്റെ ബി.ജി.എം മിഥുന്‍ രൂപീകരിച്ചിരിക്കുന്നത്. ചിത്രം ഹോളിവുഡ് ലെവലിലേക്ക് എത്തി എന്ന് പ്രേക്ഷകര്‍ പറയുന്നുണ്ടെങ്കില്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചിരിക്കുന്നത് മിഥുന്റെ മ്യൂസിക്കാണ്.
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബര്‍ 7നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ബോക്‌സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണ് റോഷാക്ക് നേടിയത്.
ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഇവരും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
Content Highlight: Mammootty ‘s Rorschach movie video song out