ദുല്‍ഖറിന്റെ പിറന്നാളിന് മമ്മൂട്ടി പങ്കുവെച്ച ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. മോളിവുഡിനകത്തും പുറത്തുമുള്ള സിനിമാ ലോകം ദുല്‍ഖറിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്നപ്പോള്‍ മമ്മൂട്ടി സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് പരിസ്ഥിതി സംരക്ഷണ ദിനാശംസകളാണ് നേര്‍ന്നത്. ഇതിനെതിരെ വലിയ ട്രോളുകളും വന്നിരുന്നു. ‘എന്റെ മോന്റെ പിറന്നാള് വിളിക്കാന്‍ വന്നതാണ്’ എന്ന ക്യാപ്ഷനോടെയാണ് രമേശ് പിഷാരടി ഈ ചിത്രം പങ്കുവെച്ചത്.
സംഭവത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് മമ്മൂട്ടി. പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കവേയാണ് ദുല്‍ഖറിന്റെ പിറന്നാളിന് പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്ന ട്രോളുകളെ പറ്റി മമ്മൂട്ടി പ്രതികരിച്ചത്.
‘അത് ആക്‌സിഡന്റ്‌ലി ഇട്ട പോസ്റ്റാണ്. രാവിലെ പോസ്റ്റ് ചെയ്തതാണ്. അവന്റെ പിറന്നാളാണെന്നുള്ളത് ഇടാതെ പോയതാണ്. അത് മറന്ന് പോയതാണ്. ആളുകള്‍ക്ക് ട്രോള്‍ ചെയ്യാം. അതില്‍ കുഴപ്പമൊന്നുമില്ല. ട്രോള്‍ മോഡേണ്‍ കാര്‍ട്ടൂണുകളാണ്. കാര്‍ട്ടൂണ്‍ ഇപ്പോള്‍ ആരും വരക്കാറില്ല,’ മമ്മൂട്ടി പറഞ്ഞു.
തന്റെ ആരാധകരെ കുറിച്ചും അതില്‍ തന്നെ തന്നോട് ദേഷ്യമുള്ള ചിലരെ കുറിച്ചും മമ്മൂട്ടി അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
‘ആരാധകരാണ് എല്ലാം. പലതരം ആരാധനയുണ്ട്. ആരാധകര്‍ക്ക് ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. ഭയങ്കര ഇഷ്ടമാണ്. പക്ഷേ ചിലയാളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താല്‍ ആ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരിപ്പേര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. ഇതേ ആരാധകര്‍ക്ക് തന്നെ.
അത് എന്റെ മാത്രം കുറ്റം കൊണ്ടാവില്ല. സിനിമ ചീത്തയാകുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല. ഞാന്‍ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ എടുക്കുന്നില്ല. എന്റെ ആരാധകര്‍ അതൊന്ന് മനസിലാക്കിയാല്‍ മതി. അത്രത്തോളം സ്നേഹം എന്നോട് കാണിക്കുക,’ മമ്മൂട്ടി പറഞ്ഞു.
സോഷ്യല്‍മീഡിയ വന്ന ശേഷം മമ്മൂക്ക ചില്‍ ആയെന്നും തമാശ പറയുന്നു എന്നും എല്ലാവരും പറയുന്നു എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിന് തന്റെ തമാശകളൊന്നും പണ്ടും ആരും കണ്ടിട്ടും കേട്ടിട്ടുമില്ലെന്നും ഇപ്പോള്‍ തനിക്ക് ആയിരം തലയല്ല ലക്ഷക്കണക്കിന് തലകള്‍ ചുറ്റുമുണ്ട് എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
Content Highlight: Mammootty’s response on posting his own photo on Dulquer’s birthday