| Wednesday, 18th January 2023, 4:52 pm

അവനൊന്ന് പൊലിപ്പിച്ചതാണ്, ലിജോ സെറ്റില്‍ നിന്നും ഇറങ്ങി പോയിട്ടില്ല; ജയസൂര്യയുടെ വെളിപ്പെടുത്തലില്‍ മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്‍ പകല്‍ നേരത്ത് മയക്കം ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ മമ്മൂട്ടിയുടെ അഭിനയം കണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സെറ്റില്‍ നിന്നും ഇറങ്ങി പോയ സംഭവം ജയസൂര്യ മുമ്പ് ഒരു വേദിയില്‍ പങ്കുവെച്ചിരുന്നു.

‘മമ്മൂക്കയുടെ ഏറ്റവും വലിയ പ്രേത്യേകത എന്താണെന്നു വെച്ചാല്‍ മമ്മൂക്ക കരഞ്ഞാല്‍ നമ്മളും കൂടെ കരയും എന്നതാണ്. അതിന്റെ അനുഭവം എനിക്ക് തന്നെയുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്ന സമയത്ത് ഞാന്‍ തന്നെ കരഞ്ഞു പോയ ഒരു മൊമെന്റൊക്കെ ഉണ്ടായിട്ടുണ്ട്. നന്‍ പകല്‍ നേരത്തെ മയക്കം എന്ന സിനിമയുടെ സമയത്ത്, ഒരു സീന്‍ എടുത്തുകൊണ്ടിരുന്ന സമയത്ത് ലിജോയും അസ്സോസിയേറ്റ് ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. അപ്പോഴും മമ്മൂക്ക പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുകായായിരുന്നു. അത് കഴിഞ്ഞിട്ട് മമ്മൂക്ക ചോദിച്ചു, ലിജോ എവിടെ പോയി എന്ന്, എന്നിട്ട് അദ്ദേഹം ലിജോയുടെ അടുത്ത് പോയി ചോദിച്ചു ‘തനിക്കെന്താ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേയെന്ന്’. അതല്ല മമ്മൂക്ക ഞാന്‍ വല്ലാതെ ഇമോഷണല്‍ ആയിപോയെന്ന് ലിജോ പറഞ്ഞു,’ എന്നാണ് ജയസൂര്യ പറഞ്ഞത്.

നന്‍ പകലിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി ഇതിനോട് പ്രതികരിച്ചിരുന്നു. ജയസൂര്യ പറഞ്ഞത് ഒരിത്തിരി കൂടുതലാണെന്നാണ് മമ്മൂട്ടി പറഞ്ഞത്.

‘ഒരിത്തിരി പൊലിപ്പിച്ചിട്ടുണ്ട്, ഇത്രക്ക് ഒന്നുമില്ല. അത് പിന്നെ അങ്ങനെയാണല്ലോ, പറഞ്ഞ് പറഞ്ഞ് കേള്‍ക്കുമ്പോള്‍ കൂടുമല്ലോ, അതാണുണ്ടായത്. ലിജോയെ അങ്ങനെ അന്വേഷിച്ചു പോകേണ്ട ആവശ്യം ഒന്നുമുണ്ടായിട്ടില്ല, എല്ലാവരും കുറച്ച് ഇമോഷണല്‍ ആയെന്നു തോന്നുന്നു. ഞാന്‍ ഇനിയിപ്പോളൊരു ഗ്ലിസറിനായിമാറുമോ എന്നാണെന്റെ പേടി,’ മമ്മൂട്ടി പറഞ്ഞു.

മലയാള സിനിമയില്‍ പരക്കെ ഒരു സംസാരമുണ്ട് ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ള നടന്‍ മമ്മൂക്കയാണെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ എന്നെകൊണ്ടെന്താ ചിരിപ്പിക്കാന്‍ പറ്റില്ലേ, എന്നാല്‍ പിന്നെ ഞാന്‍ അങ്ങ് റിട്ടയര്‍ ആകാന്‍ പോകുകയാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എനിക്ക് ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ക്കും ദേഷ്യം വരുമോ? എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാല്‍ അതില്‍ തൂങ്ങേണ്ട, എന്നെ അതിനു കിട്ടില്ല, മമ്മൂട്ടി പറഞ്ഞു.

ജനുവരി 19നാണ് നന്‍ പകല്‍ റിലീസ് ചെയ്യുന്നത്. അശോകന്‍, രമ്യ പാണ്ഡ്യന്‍,അശ്വന്ത് അശോക് കുമാര്‍, ഗിരീഷ് പെരിഞ്ചീരി, സഞ്ജന ദീപു, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: mammootty’s reply for jayasurya regarding lijo jose pellisseri

We use cookies to give you the best possible experience. Learn more