| Thursday, 23rd November 2023, 6:03 pm

ഭാവങ്ങള്‍ ഒഴിയാത്ത കലവറ; ഇനിയും കാണാനെത്ര മമ്മൂട്ടി ഭാവങ്ങള്‍

അമൃത ടി. സുരേഷ്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോര്‍ റിലീസ് ചെയ്തിരിക്കുകയാണ്. പ്രകടനത്തില്‍ മമ്മൂട്ടി ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മാത്യു ദേവസി എന്ന കഥാപാത്രത്തിലൂടെ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏത് സൂപ്പര്‍ സ്റ്റാറിനും ചെയ്യാനാവാത്ത കഥാപാത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി മമ്മൂട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ആ നിരയിലേക്കാണ് മാത്യു ദേവസിയും വന്ന് കേറുന്നത്.

SPOILER ALERT

വിരമിച്ച സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ് മാത്യു ദേവസി. ബൈ ഇലക്ഷനില്‍ മത്സരിക്കാന്‍ നില്‍ക്കുന്ന മാത്യു ദേവസിക്കെതിരെ ഭാര്യ ഓമന ഒരു വിവാഹമോചന കേസ് ഫയല്‍ ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് കാതല്‍ ദി കോര്‍ പറയുന്നത്.

ഓമന തനിക്കെതിരെ കേസ് കൊടുത്തു എന്നറിഞ്ഞ് മാത്യു ദേവസി കണ്ണാടി നോക്കി ഒരു നില്‍പ്പുണ്ട്. ഇതുവരെ കാണാനാവാത്ത ഒരു മമ്മൂട്ടി ഭാവമായിരുന്നു അത്. എല്‍.ജെ.പിയുടെ നന്‍പകല്‍ നേരത്ത മയക്കത്തിലുമുണ്ട് കണ്ണാടി നോക്കുന്ന മമ്മൂട്ടി. സൂക്ഷ്മ ഭാവങ്ങളുടെ വേര്‍തിരിവാണ് രണ്ട് രംഗത്തിലുമുള്ളത്. എന്നാല്‍ അത്രത്തോളം വ്യത്യാസവമുണ്ട് ആ ഭാവങ്ങള്‍ക്ക്. ഇനിയും പുറത്തെട്ടുക്കാത്ത എത്ര ഭാവങ്ങളുണ്ട് മമ്മൂട്ടിയുടെ കയ്യില്‍? ഒരു അഭിനേതാവിന് ഇത്രത്തോളം സ്‌റ്റോക്ക് ഉണ്ടാകുമോ? ഉണ്ട് എന്നാണ് മമ്മൂട്ടി കഥാപാത്രങ്ങള്‍ പറയുന്നത്.

എല്ലാം അടക്കിവെക്കാന്‍ നിര്‍ബന്ധിതനായ, അങ്ങനെ ശീലിക്കേണ്ടി വന്ന ഒരു മനുഷ്യനാണ് മാത്യു. താന്‍ അനുഭവിച്ച വീര്‍പ്പുമുട്ടല്‍ വാക്കുകളിലൂടെ വിവരിക്കാന്‍ മാത്യുവിന് അറിയില്ല, ഇത്രയും കാലം അടക്കിവെച്ചതെല്ലാം അയാള്‍ അവസാനം നിമിഷം കരഞ്ഞുതീര്‍ക്കുന്നുണ്ട്. എന്റെ ദൈവമേ എന്ന ആ വിളിയില്‍ പ്രേക്ഷകരും പതറിപ്പോവും.

മമ്മൂട്ടി ചിത്രം കണ്ട് പ്രേക്ഷകര്‍ കരയാറുള്ളത് ആ കഥാപാത്രത്തിന്റെ അവസ്ഥ ഓര്‍ത്താണ്. മാത്യു ദേവസിയുടെ അവസ്ഥയാണ് ഇവിടെ പ്രേക്ഷകനെ കരയിപ്പിക്കുന്നത്. നന്‍പകലിലെ സുന്ദരമാണെങ്കിലും കാഴ്ചയിലെ മാധവനാണെങ്കിലും രാപ്പകലിലെ കൃഷ്ണനാണെങ്കിലും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷാണെങ്കിലും ആ വേദനയും നിസഹായവസ്ഥയും പ്രതിസന്ധിയും പ്രേക്ഷകരുടേതുകൂടിയാവുകയാണ്.

ഒരു വിഭാഗത്തോട് നമ്മുടെ സമൂഹം ചെയ്തിരുന്ന, നിയമം അനുവദിച്ചിട്ടും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയെ ആ വേദനകളെല്ലാം എഫ്ക്ടീവായി ജിയോ ബേബി മമ്മൂട്ടിയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ശക്തമായ പൊളിടിക്കല്‍ സ്റ്റേറ്റ്‌മെന്റിലേക്ക് മമ്മൂട്ടി എന്ന അഭിനയ പ്രതിഭാസം കൂടി വന്നപ്പോള്‍ മനോഹരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

Content Highlight: Mammootty’s performance in kaathal the core movie

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more