14 വര്‍ഷത്തിന് ശേഷം മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വം. പത്ത് വര്‍ഷത്തിനിടെയുള്ള മമ്മൂട്ടിയുടെ ശക്തമായ കഥാപാത്രം കൂടിയാണ് ഭീഷ്മയില്‍ ഉള്ളത്.
മമ്മൂട്ടിയുടെ മൈക്കിളിനെ ഇരും കൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നൊക്കെ പറഞ്ഞാലും എഴുപത്തിയൊന്നുകാരന്റെ ആറാട്ട് തന്നെയായിരുന്നു മൈക്കിള്‍ എന്ന കഥാപാത്രം.
മമ്മൂട്ടി സ്വയം പുതുക്കുന്നത് ഗാഡ്ജറ്റുകളുടെയോ ടെക്നോളജിയുടെയോ അപ്ഡേറ്റുകളിലല്ല, സ്വന്തം അഭിനയത്തിന്റെ കാര്യത്തിലാണെന്ന് ഉറപ്പിച്ചുതരുന്നൊരു കഥാപാത്രമാണ് മൈക്കിള്‍.
കൊവിഡ് വന്നതോടെ മലയാള സിനിമയുടെ പല പ്രമുഖ താരങ്ങളും സൈഡിലേക്ക് ഒതുങ്ങി പോയെങ്കിലും ഒരു വമ്പന്‍ തിരിച്ചുവരവ് തന്നെയാണ് മൈക്കിളിലൂടെ അമല്‍ നീരദ് മമ്മൂട്ടിക്ക് നല്‍കുന്നത്.
ഇത്രയും നാള്‍ നമ്മള്‍ കണ്ട മമ്മൂട്ടിയെ അല്ല ഭീഷ്മയില്‍ കാണുന്നത്. പാതി മാത്രം മുഖം തെളിയുന്ന ലൈറ്റിംഗിലും ക്യാമറ ആംഗിളിലും പോലും ആക്ടര്‍ മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വ’മാണ് ഈ സിനിമ.
കൊവിഡ് കാലത്ത് മാസങ്ങളോളം വീട്ടിലിരുന്ന ശേഷം തിയേറ്ററുകള്‍ കയ്യാളിയ മൈക്കിള്‍ കാത്തുവെച്ചത് വീര്യമേറിയ ഭാവങ്ങളാണ്. എടുപ്പിലും നടപ്പിലും സംഭാഷണങ്ങളിലും ആ വീര്യത്തിന്റെ ആഴം അനുഭവിക്കാം. മമ്മൂട്ടി എന്ന നടനേയും താരത്തേയും ഒരേ ഫ്രെയിമില്‍ കാണാം.
മമ്മൂട്ടിക്കൊപ്പം ഒരു വലിയ നിര അഭിനേതാക്കളുടെ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സും കൂടിയാണ് ഭീഷ്മ പര്‍വം.
മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സും അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് മേക്കിംഗുമാണ് ചിത്രത്തിന്റെ ആത്മാവ്. മമ്മൂട്ടിയെ മുന്നില്‍ നിര്‍ത്തി ഒറ്റയാള്‍ പോരാട്ടത്തിന് ശ്രമിക്കാതെ എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്പേസ് നല്‍കി അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന പോസിറ്റീവ്. സുഷിന്‍ ശ്യാമിന്റെ സംഗീതവും ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
ഭീഷ്മയില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
Content Highlights: Mammootty’s performance in Bheema Pravam