കൊച്ചി: മമ്മൂട്ടി മുഖ്യമന്ത്രിയായിയെത്തിയ വണ്‍ സിനിമ ബോളിവുഡിലേക്ക്. ചിത്രത്തിന്റെ റീമേക്ക് അവകാശം പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ സ്വന്തമാക്കി.
ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി നേടിയിരിക്കുന്നത്.
നേരത്തെ ഹെലന്‍ എന്ന ചിത്രത്തിന്റെ റീമേക്കും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു. മകള്‍ ജാന്‍വി കപൂറിനെ നായികയാക്കിയാണ് ഹിന്ദിയില്‍ ഹെലന്‍ ഒരുക്കുന്നത്.
സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കിയ ചിത്രമാണിത്.
മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധര്‍വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു വണ്‍. ബോബി-സഞ്ജയ് ആണ് തിരക്കഥ. മുരളി ഗോപി, നിമിഷ സജയന്‍, ജഗദീഷ്, സലീം കുമാര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കൊവിഡിനെ തുടര്‍ന്ന് പല തവണ റിലീസ് മാറ്റിവെച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ ശ്രദ്ധ നേടിയിരുന്നു. ഈയടുത്താണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്നത്.
ചിത്രം മുന്നോട്ടുവെച്ച കാലവധി തീരും മുന്‍പേ ജനപ്രതിനിധികളെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന റീ കോള്‍ എന്ന ആശയത്തെ കുറിച്ച് ചര്‍ച്ചകളുയര്‍ന്നിരുന്നു.