| Friday, 5th April 2024, 4:29 pm

ഞാന്‍ കാഴ്ച ചെയ്തില്ലായിരുന്നെങ്കില്‍ ബ്ലെസിയുടെ ആദ്യ സിനിമ ആ നടനോടൊപ്പം ആയേനെ; വൈറലായി മമ്മൂട്ടിയുടെ പഴയ പ്രസംഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം എന്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ എല്ലാവരും പ്രശംസിക്കുന്നത് ബ്ലെസി എന്ന സംവിധായകനെയാണ്. ബ്ലെസിയുടെ 16 വര്‍ഷത്തെ പരിശ്രമവും കഠിനാധ്വാനവും മികച്ച സിനിമയുടെ രൂപത്തില്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. പദ്മരാജന്റെ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

ഗുജറാത്ത് ഭൂകമ്പത്തില്‍ അനാഥനായിപ്പോയ ഒരു കുട്ടിയുടെ കഥ ഹൃദയസ്പര്‍ശിയായ കഥയാണ് ബ്ലെസി കാഴ്ചയില്‍ പറഞ്ഞത്. മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനമായിരുന്നു കാഴ്ചയില്‍. ആടുജീവിതത്തിന്റെ വിജയത്തിളക്കത്തില്‍ ബ്ലെസി നില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മമ്മൂട്ടി ബ്ലെസിയെക്കുറിച്ച് സംസാരിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സ്‌നേഹപൂര്‍വ്വം ബ്ലെസിക്ക് എന്ന സ്റ്റേജ് പ്രോഗ്രാമിലാണ് മമ്മൂട്ടി ബ്ലെസിയെക്കുറിച്ച് സംസാരിച്ചത്.

‘ഞാന്‍ ആദ്യമായി ബ്ലെസിയെ കാണുന്നത് പദ്മരാജന്റെ നൊമ്പരത്തിപ്പൂവിന്റെ സെറ്റില്‍ വെച്ചാണ്. അന്ന് ബ്ലെസി അസിസ്റ്റന്റായിരുന്നു. ഒരു ഷോട്ട് എടുക്കുന്നതിന് മുമ്പ് ബ്ലെസി ക്ലാപ് ബോര്‍ഡ് അടിച്ചപ്പോള്‍ അതിലെ ചോക്കുപൊടി എന്റെ കണ്ണില്‍ പോയി, എനിക്ക് അഭിനയിക്കാന്‍ പറ്റാതെ വന്നു. ഞാന്‍ അന്ന് ചെയറുതായി ദേഷ്യപ്പെട്ടപ്പോള്‍ ബ്ലെസി കരഞ്ഞുപോയി.

പിന്നീടും നിരവധി സിനിമകള്‍ക്ക് അസിസ്റ്റന്റായ ശേഷം ബ്ലെസി എന്നോട് കഥ പറയാന്‍ വന്നു. കാഴ്ച എന്ന സിനിമയുടെ കഥ. ആ സമയത്ത് ശ്രീനിവാസനെക്കൊണ്ടോ ലോഹിതദാസിനെക്കൊണ്ടോ അതിന്റെ സ്‌ക്രിപ്റ്റ് എഴുതിക്കാനായിരുന്നു ഉദ്ദേശിച്ചത്. വേറെയാരെയും നോക്കണ്ട, താന്‍ തന്നെ എഴുതി നോക്ക് എന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് ബ്ലെസി ആ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതി.

പിന്നീടൊരിക്കല്‍ ബ്ലെസി എന്നോട് പറഞ്ഞത് അയാളുടെ മനസിലുണ്ടായിരുന്ന ആദ്യത്തെ കഥയായ തന്മാത്രയായിരുന്നു എന്നാണ്. എന്റെ ഭാഗ്യം കൊണ്ടോ, കാഴ്ച എന്ന സിനിമയുടെ ഭാഗ്യം കൊണ്ടോ ബ്ലെസിയുടെ ആദ്യ സിനിമയില്‍ അഭിനയിക്കാനുള്ള നിമിത്തം എന്നിലേക്ക് വന്നുചേര്‍ന്നു,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty’s old speech about Blessy viral on social media

We use cookies to give you the best possible experience. Learn more