| Sunday, 11th September 2022, 8:05 pm

മിസ്റ്റര്‍ മമ്മൂട്ടി, നിങ്ങളിത് എന്ത് ഭാവിച്ചാ !!! റോഷാക്കിന്റെ പുതിയ പോസ്റ്ററും വന്‍ തരംഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈപ്പിന് മേല്‍ ഹൈപ്പ് കയറ്റുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്ക്. ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ തുടങ്ങിയ ആവേശവും ആകാംക്ഷയും ഓരോ അപ്‌ഡേറ്റിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിനിമയുടെ ടീമിന് കഴിയുന്നുണ്ട്.

ഇപ്പോള്‍ മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയ കയ്യടക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ട്രെയ്‌ലറോട് കൂടി ചര്‍ച്ചയായ വൈറ്റ് റൂം ടോര്‍ച്ചറാണ് പുതിയ പോസ്റ്ററിന്റെ തീം.

വെളുത്ത ചുമരും കട്ടിലും കിടക്കയുമുള്ള റൂമില്‍ കൈകാലുകള്‍ അനക്കാനാകാതെ വെള്ള വസ്ത്രത്തില്‍ ബന്ധിക്കപ്പെട്ട നിലയിലാണ് പോസ്റ്ററില്‍ മമ്മൂട്ടി. കട്ടിലില്‍ ഇരിക്കുന്നതും താഴെ കിടക്കുന്നതുമായ മമ്മൂട്ടി കഥാപാത്രവും പോസ്റ്ററിലുണ്ട്.

റൊഷാക്കും വൈറ്റ് റൂം ടോര്‍ച്ചറുമെല്ലാം ചേര്‍ന്ന് ഒരു കട്ട സൈക്കോ പടമായിരിക്കും ഇതെന്ന ഫാന്‍ തിയറികളെ ശരി വെക്കുകയാണ് പുതിയ പോസ്റ്റര്‍. ഇനി മമ്മൂട്ടി ഇതില്‍ വില്ലനാണോ നായകനാണോ അതോ ആ ചട്ടക്കൂടുകളൊക്കെ പൊളിച്ചെഴുതുന്ന കഥാപാത്രമാണോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് റോഷാക്ക്. വെഫയര്‍ ഫിലിംസും മമ്മൂട്ടി കമ്പനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലറായിട്ടാണ് പുറത്തിറങ്ങുന്നത്.

സമീര്‍ അബ്ദുല്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും ട്രെയ്‌ലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുഴുവിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് റൊഷാക്ക്. സി.ബി.ഐക്ക് ശേഷം തിയേറ്റില്‍ എത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

മികച്ച ലൈനപ്പുള്ള മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായ റൊഷാക്കില്‍ മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. മേക്കിങ് വീഡിയോയിലും വ്യത്യസ്ത ലുക്കിലുള്ള മമ്മൂട്ടിയെ ആയിരുന്നു കാണാന്‍ കഴിഞ്ഞത്. സിനിമയുടെ മിസ്റ്ററി സ്വഭാവം വര്‍ധിപ്പിക്കും വിധമായിരുന്നു മേക്കിങ് വീഡിയോ.

റൊഷാക്കിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, രഞ്ജിത്തിന്റെ കടുഗന്നാവ ഒരു യാത്ര എന്നിവയാണ് അണിയറിയില്‍ ഒരുങ്ങുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: Mammootty’s new Rorschach new poster goes viral

We use cookies to give you the best possible experience. Learn more