മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജ്യോതികക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
കാതല്‍ എന്നാണ് സിനിമയുടെ പേര്. കേള്‍ക്കുമ്പോള്‍ തമിഴില്‍ പ്രണയം എന്ന് അര്‍ത്ഥം വരുന്ന കാതല്‍ എന്ന വാക്കാണ് ഇതെന്ന് തോന്നുമെങ്കിലും, കാതലിനൊപ്പം ദ കോര്‍ എന്നു കൂടി പോസ്റ്ററിലെ പേരിലുണ്ട്.
ഇതോടെ ഏറ്റവും പ്രധാന ഭാഗമെന്ന് അര്‍ത്ഥം വരുന്ന മലയാളത്തിലെ കാതലാണ് ചിത്രത്തിന്റെ പേരെന്ന് വ്യക്തമാകും.
മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജിയോ ബേബിയുടെ മുന്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സാലു കെ. തോമസാണ് കാതലിലും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസാണ് എഡിറ്റിങ്. മാത്യൂസ് പുളിക്കനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
കഥ കേട്ടപ്പോള്‍ മമ്മൂട്ടിയാണ് മനസില്‍ വന്നതെന്നും അദ്ദേഹത്തിന് തന്നെയായിരിക്കും ഈ വേഷം ചെയ്യാനാകുകയെന്ന് തോന്നിയതുകൊണ്ടാണ് മമ്മൂട്ടിയെ സമീപിച്ചതെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞിരുന്നു.
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഓള്‍ഡ് ഏജ് ഹോം, ശ്രീധന്യ കാറ്ററിങ്‌സ് എന്നീ ചിത്രങ്ങളൊരുക്കിയ ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയെത്തുന്നന്നതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. 2022ല്‍ വ്യത്യസ്തമായ പ്രമേയങ്ങളും കഥ പറച്ചില്‍ രീതികളുമായെത്തുന്ന സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയെന്ന പ്രൊഡക്ഷന്‍ ഹൗസും മികച്ച ചിത്രമായി തന്നെയായിരിക്കുമെത്തുക എന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍.
മമ്മൂട്ടി കമ്പനി നിര്‍മിച്ച റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുവെന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. രാക്കിളിപ്പാട്ട്, സീതാകല്യാണം എന്നീ സിനിമകളാണ് ജ്യോതിക നേരത്തെ മലയാളത്തില്‍ ചെയ്തിട്ടുള്ളത്.
Content Highlight: Mammootty’s new movie with Jyothilka directed by Jeo Baby