| Thursday, 22nd September 2022, 8:08 pm

ഭീഷ്മപര്‍വം, പുഴു, നന്‍ പകല്‍ നേരത്ത് മയക്കം, റോഷാക്ക്.... ദാ ഇപ്പൊ ക്രിസ്റ്റഫറും; പോസ്റ്ററുകള്‍ തരംഗമാക്കി വീണ്ടും മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ഒരു കംപ്ലീറ്റ് ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും ക്രിസ്റ്റഫറെന്ന സൂചനകളാണ് ഈ പോസ്റ്ററും നല്‍കുന്നത്. ത്രില്ലര്‍ ഴോണറിലാണ് ചിത്രമെത്തുന്നത്.

മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനവും ഉദയ്കൃഷ്ണ തിരക്കഥയും രചിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍.

മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ക്രിസ്റ്റഫറിന്റെ ജീവിതത്തിലൂടെയായിരിക്കും സിനിമ കഥ പറയുക എന്ന സൂചനകളാണ് പുറത്തുവരുന്നത്.

പുതിയ പോസ്റ്ററില്‍ തോക്ക് പിടിച്ച് ഗൗരവഭാവത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം. ‘നീതിയെന്നാല്‍ അവന് ഒരുതരം ഭ്രാന്താണ്’ എന്നാണ് പോസ്റ്ററിലെ വാചകം.

നീതിയുമായി ബന്ധപ്പെട്ട പഞ്ച് ഡയലോഗുകളാണ് ഓരോ പോസ്റ്ററിലും ക്രിസ്റ്റഫര്‍ പറയുന്നത്. ‘നിയമം അവസാനിക്കുന്നിടത്ത് നീതി തുടങ്ങുന്നു’ എന്നായിരുന്നു നേരത്തെ പുറത്തുവിട്ട പോസ്റ്ററിലെ വാചകം.

‘കാഞ്ചി വലിക്കും മുന്‍പ്, സ്വയം ആലോചിക്കുന്ന ആ നിമിഷം’ എന്നായിരുന്നു മറ്റൊരു പോസ്റ്ററിലെ വാചകം.

എന്തായാലും നീതി നടപ്പാക്കാനെത്തുന്ന ക്രിസ്റ്റഫറിനെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടയായി പോസ്റ്ററുകളിലൂടെ തരംഗം സൃഷ്ടിക്കുന്ന മമ്മൂട്ടി ഈ ചിത്രത്തിലും അത് ആവര്‍ത്തിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഭീഷ്മപര്‍വം, പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങി അടുത്തിടയിറങ്ങിയതും ഇനി റിലീസ് ചെയ്യാനുള്ളതുമായി മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകളെല്ലാം വലിയ ഓളമുണ്ടാക്കിയിരുന്നു. ക്രിസ്റ്റഫറും ആ ശ്രേണിയിലേക്ക് എത്തിയിരിക്കുകയാണ്.

സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്‌നടന്‍ വിനയ് ആണ് വില്ലനായി എത്തുന്നത്.

ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, ചമയം ജിതേഷ് പൊയ്യ.

Content Highlight: Mammootty’s new movie Christopher poster

We use cookies to give you the best possible experience. Learn more