100 കോടി ക്ലബ്ബില്‍ കയറി കണ്ണൂര്‍ സ്‌ക്വാഡ്. ടോട്ടല്‍ ബിസിനസില്‍ നിന്നും ചിത്രം 100 കോടി നേടിയതായി മമ്മൂട്ടി കമ്പനി തങ്ങളുടെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് തിയേറ്ററില്‍ എത്തിയിരുന്നത്.
കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം ഒക്ടോബര്‍ 19ന് ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ കേരളത്തില്‍ 655 തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷനില്‍ വലിയ വീഴ്ച വരുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍ ലിയോയ്ക്ക് മുന്നില്‍ കണ്ണൂര്‍ സ്‌ക്വാഡ് തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ 100 കോടി കളക്ഷന്‍. മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു ഇത്.
തമിഴ്നാട്ടിലും ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണ് കണ്ണൂര്‍ സ്‌ക്വാഡ് നേടിയത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
Content Highlight: Mammootty’s Kannur Squad Crossed 100 crores