രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന കടുഗന്നാവ ഒരു യാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ശ്രീലങ്കയില്‍ ആരംഭിച്ചു.
എം. ടി. വാസുദേവന്‍നായരുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. എം.ടി. വാസുദേവന്‍നായരുടെ ആത്മകഥാംശമുള്ള ഒരു കഥാപാത്രം കൂടിയാണ് കടുഗന്നാവയിലേത്.
കഴിഞ്ഞ ദിവസം മമ്മൂട്ടി ശ്രീലങ്കയില്‍ എത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യയുമായി കൊളംബോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
‘രാജ്യത്ത് എത്തിയതിന് നന്ദി. നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാറാണ്’ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ജയസൂര്യ ട്വിറ്ററില്‍ കുറിച്ചത്.
നാല് ദിവസത്തെ ഷൂട്ടിങ്ങാണ് ശ്രീലങ്കയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ ലൊക്കേഷന്‍ ഹണ്ടിനായി കലാസംവിധായകന്‍ പ്രശാന്ത് മാധവ് ശ്രീലങ്കയിലെത്തിയിരുന്നു. സിനിമയുടെ കുറച്ചു ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്.
എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്ളിക്സ് ആന്തോളജി സിനിമാ സീരീസില്‍ ‘കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ഭാഗമാണ് സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പി.കെ. വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗന്നാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മയാണ് ‘കടുഗന്നാവ’.
‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് കടുഗന്നാവ ഒരു യാത്രാക്കുറിപ്പ്. എം.ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങള്‍.
ലിജോ പെല്ലിശ്ശേരിയാണ് കടുഗന്നാവ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. ലിജോ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകള്‍ കാരണം ഈ പ്രൊജക്ടില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് സംവിധായകനായി രഞ്ജിത്ത് എത്തിയത്. ഇതാദ്യമായാണ് എം.ടിയുടെ തിരക്കഥയില്‍ രഞ്ജിത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.
ന്യൂസ് വാല്യു പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ പത്ത് ചിത്രങ്ങളും നിര്‍മിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിനാണ് വിതരാണാവകാശം. ആര്‍.പി.എസ്.ജി. ഗ്രൂപ്പ് നിര്‍മാണ പങ്കാളിയാണ്. ബി. ഉണ്ണികൃഷ്ണന്റെ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓഗസ്റ്റ് 17നാണ് റിലീസ് ചെയ്യുന്നത്.