| Wednesday, 3rd May 2023, 4:38 pm

ഈ സിനിമയില്‍ എന്റെ അമ്മായിഅച്ഛനാണ്, എന്റെ മോന്റെ പ്രായമേയുള്ളൂ: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി അഭിനയിച്ച് ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന് കേരള ഫിലിം ഫെസ്റ്റിവലില്‍ വലിയ സ്വീകരണവും അഭിപ്രായങ്ങളും ലഭിച്ചിരുന്നു. അതിനാല്‍ തന്നെ നെറ്റ്ഫ്‌ളിക്‌സില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. റിലീസിന് ശേഷം കേരളത്തിന് പുറത്ത് നിന്ന് പോലും ചിത്രത്തിന് അഭിനന്ദന പ്രവാഹമായിരുന്നു.

സിനിമയുടെ പ്രൊമോഷന്‍ അഭിമുഖത്തിനിടയിലുള്ള മമ്മൂട്ടിയുടെയും സഹതാരങ്ങളുടേയും സംഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ സഹ താരമായ സുരേഷ് ബാബുവിനെ നോക്കി ‘ഈ സിനിമയില്‍ എന്റെ അമ്മായിഅച്ഛനാണ്, എന്റെ മോന്റെ പ്രായമേയുള്ളൂ,’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇത് കേട്ട് എല്ലാവരും ചിരിക്കുന്നുമുണ്ട്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ സുരേഷ് ബാബുവും പങ്കുവെച്ചിരുന്നു. ‘ഈ മനുഷ്യനെ നമ്മള്‍ ചെറുപ്പത്തില്‍ കാണുന്നതാണല്ലോ. ഷൂട്ടിനിടക്ക് മമ്മൂക്ക ചെയ്ത ഒരു സീന്‍ കണ്ടിട്ട് ഞങ്ങളൊക്കെ കരഞ്ഞ് പോയി. വലിയ വിഷമമായി. അന്ന് ഞാന്‍ അത് പറയുകയും ചെയ്തു.

വല്ലാത്ത രാഷ്ട്രീയമാണല്ലോ. (മമ്മൂട്ടിയെ നോക്കി) ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ (മമ്മൂട്ടി തലയാട്ടുന്നു). അപ്പോള്‍ എന്നോട് പറയുകയാണ്, നമുക്ക് ഇങ്ങനെയൊക്കെ അല്ലാതെ എങ്ങനെയാണ് പറയാന്‍ പറ്റുകയെന്ന്,’ സുരേഷ് ബാബു പറഞ്ഞു.

താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇതിനോട് മമ്മൂട്ടി പ്രതികരിച്ചത്. അങ്ങനെ പറഞ്ഞുവെന്നും, താന്‍ കോഴിക്കോട്ടുകാരനാണെന്നും തന്നെ വിശ്വസിക്കാമെന്നും സുരേഷ് ബാബു പറഞ്ഞു. അതാണ് ഒരു കുഴപ്പമെന്നാണ് ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി. ഇരുവരുടെയും സംഭാഷണങ്ങള്‍ കേട്ട് അഭിമുഖത്തിനെത്തിയവരും ഒപ്പമിരിക്കുന്നവരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഏജന്റാണ് ഒടുവില്‍ പുറത്ത് വന്ന മമ്മൂട്ടിയുടെ ചിത്രം. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായകനായത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ക്രിസ്റ്റഫറാണ് മലയാളത്തില്‍ ഒടുവിലെത്തിയ മമ്മൂട്ടി ചിത്രം.

Content Highlight: mammootty’s funny comment during nanpakal nerathu mayakkam interview

We use cookies to give you the best possible experience. Learn more