എം.ടി യുടെ ആന്തോളജി ചിത്രത്തില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘കഡുഗണ്ണാവ ഒരു യാത്രകുറുപ്പ്’ എന്ന സിനിമയുടെ ലൊക്കേഷന്‍ ശ്രീലങ്കയായിരുന്നു. അവിടേക്കുള്ള മമ്മൂട്ടിയുടെ യാത്രക്കൊപ്പം മാതൃഭൂമി ജനറല്‍ മാനേജര്‍ കെ.ആര്‍ പ്രമോദും ഉണ്ടായിരുന്നു. മമ്മൂട്ടിയോടൊപ്പം യാത്ര ചെയ്തതിന്റെ വിശേഷങ്ങളും ആ ദിവസങ്ങളിലുണ്ടായ പല സംഭവങ്ങളും അദ്ദേഹം ഗൃഹലക്ഷ്മിയില്‍ പങ്കുവെച്ചിരുന്നു.
ഫ്‌ലൈറ്റില്‍ വെച്ച് ഷൂട്ട് ചെയ്തപ്പോള്‍ നടന്ന ചില സംഭവങ്ങള്‍ പ്രമോദ് പറയുന്നുണ്ട്. പ്രമോദും കുടുംബവും കൊച്ചി എയര്‍പോട്ടിലെത്തുമ്പോള്‍ മമ്മൂട്ടി കോസ്റ്റൂമൊക്കെയിട്ട് നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. കൊസ്റ്റൂമിലായത് കൊണ്ട് തന്നെ ആരും തിരിച്ചറിയാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
കൊച്ചിയില്‍ നിന്നും ശ്രീലങ്കയിലേക്കാണ് ഫ്‌ലൈറ്റ്. കൊച്ചിയില്‍ നിന്നും ഫ്‌ലൈറ്റെടുത്തപ്പോള്‍ തന്നെ മമ്മൂട്ടിയുടെ സാനിധ്യം അനൗണ്‍സ് ചെയ്ത് അവര്‍ എല്ലാവരെയും അറിയിച്ചു. കാബിന്‍ ക്രൂ അടക്കം എല്ലാവരും ലങ്കക്കാരായിരുന്നു. അവര്‍ക്കെല്ലാം മമ്മൂട്ടിയെ അറിയുകയും ചെയ്യാമെന്ന് പ്രമോദ് തന്റെ എഴുത്തിലൂടെ പറഞ്ഞു.
രണ്ട് ഷോട്ട് മാത്രമാണ് വിമാനത്തിനുള്ളില്‍ ഷൂട്ട് ചെയ്യാനുള്ളതെന്നും ഒരു മണിക്കൂറും പത്ത് മിനിട്ട് കൊണ്ട് വിമാനം ലങ്കയിലെത്തുമെന്നും പ്രമോദ് പറഞ്ഞു. ലാന്‍ഡിങ്ങിന്റെയും ടേക്ക്ഓഫിന്റയും സമയം മാറ്റി നിര്‍ത്തിയാല്‍ വെറും ഒരു മണിക്കൂര്‍ മാത്രമാണ് സമയം ബാക്കിയുള്ളത്. ഫ്‌ലൈറ്റിനുള്ളിലുള്ള എല്ലാവരും നന്നായി സഹകരിച്ചെന്നും ക്രൂവിലുണ്ടായിരുന്ന പലരും അഭിനയിക്കുകയും ചെയ്‌തെന്ന് പ്രമോദ് പറഞ്ഞു.
ഷൂട്ട് മുമ്പോട്ട് പോകുന്നതിനിടയില്‍, വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഷൂട്ട് പൂര്‍ത്തിയാകുമോ എന്ന ആശങ്കയുണ്ടായെന്നും അപ്പോള്‍ മമ്മൂട്ടി തമാശ രൂപേണ ഒരു മറുപടി പറഞ്ഞെന്നും പ്രമോദ് പറഞ്ഞു. ആകാശത്തിലൂടെ പത്ത് മിനിട്ട് കൂടി പറക്കാന്‍ പറ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
‘പൈലറ്റിനോട് ആകാശത്തിലൂടെ പത്ത് മിനിട്ട് കൂടെ പറക്കാന്‍ പറ,’ മമ്മൂട്ടി പറഞ്ഞു.
അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമ. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ ഒരുങ്ങിയ സിനിമ ജനുവരി 19നാണ് റിലീസ് ചെയ്യുന്നത്. തിയേറ്ററിലെത്തുന്നതിന് മുമ്പ് സിനിമ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.