'ഞാന്‍ പണ്ടേ അങ്ങനെയാണ്, ഒരു തുമ്പ് കിട്ടിയാല്‍ തുമ്പേല്‍ വരെ പോകും'; ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ് ട്രെയ്‌ലര്‍
Cinema
'ഞാന്‍ പണ്ടേ അങ്ങനെയാണ്, ഒരു തുമ്പ് കിട്ടിയാല്‍ തുമ്പേല്‍ വരെ പോകും'; ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th January 2025, 7:02 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

നേരത്തെ ഇറങ്ങിയ സിനിമയുടെ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. കുറച്ച് കോമഡി ടച്ചുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാകും ഡൊമിനിക് എന്നായിരുന്നു ടീസര്‍ നല്‍കിയ സൂചന. ഇപ്പോള്‍ ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മമ്മൂട്ടിയുടെും ഗോകുല്‍ സുരേഷിന്റെയും കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ഒരു പേഴ്‌സിന് പിന്നിലെ അന്വേഷണം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നു.

ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സിനുണ്ട്. സിലമ്പരസന്‍ നായകനായ വെന്ത് തനിന്തത് കാട് എന്ന ഗ്യാങ്സ്റ്റര്‍ ചിത്രത്തിന് ശേഷം ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്.

ചിത്രത്തിന്റ ടീസറില്‍ മമ്മൂട്ടിയും ഗോകുലും തമ്മിലുള്ള കോമ്പിനേഷന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവര്‍ക്ക് പുറമെ ലെന, മീനാക്ഷി ഉണ്ണികൃഷ്ണന്‍, വിനീത്, ആദം സാബിക്, സിദ്ദിഖ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകനായ ഡര്‍ബുക ശിവയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഡൊമിനിക്കിലൂടെയാണ്. ജനുവരി 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Mammootty’s Dominic And The Ladies Purse Movie Trailer Out