മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. കോമഡിക്ക് പ്രാധാന്യം ഉള്ള ഒരു ത്രില്ലര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷിനെയും ടീസറില്‍ കാണാം.
ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒരു സംഘട്ടനത്തിന് തയ്യാറാക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ രസകരമായ സംഭാഷണമാണ് ടീസറിന്റെ ഹൈലൈറ്റ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്.
മമ്മൂട്ടി ഗംഭീര ലുക്കില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്തിരുന്നു. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിച്ച ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍ ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ്.