| Thursday, 19th January 2023, 11:47 pm

'ഈ മൈക്കങ്ങ് തിന്നാലോ?'; അപ്പുറത്ത് കണ്ണീര്‍ക്കഥ, ഇപ്പുറത്ത് മമ്മൂട്ടിയുടെ ക്യൂട്ട് ആക്ഷന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിലീസിനിനോടനുബന്ധിച്ച് മമ്മൂട്ടി നല്‍കിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൈക്ക് പിടിച്ചുകൊണ്ട് തമാശരൂപേണ ചില എക്‌സ്പ്രഷന്‍സും ആക്ഷന്‍സും ചെയ്യുന്ന മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്.

സഹതാരമായ രമ്യ പാണ്ഡ്യ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെക്കുന്നതിനിടയിലാണ്, മമ്മൂട്ടി തന്റെ മൈക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം ആക്ഷന്‍സിലൂടെ ചുറ്റുമുള്ളവരോട് പറയാന്‍ ശ്രമിക്കുന്നത്.

കൈകൊണ്ടും ഇടക്ക് ഒരു തവണ മൈക്ക് വായിലേക്കിടുന്നതായി കാണിച്ചും എല്ലാവരെയും ചിരിപ്പിക്കുകയാണ് താരം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഈ അഭിമുഖം പുറത്തുവന്നതോടെ ഈ ഭാഗങ്ങള്‍ മാത്രമെടുത്ത് പലരും റീല്‍സും സ്റ്റോറിയുമാക്കി ആഘോഷിക്കുകയാണ്. ട്രോളുകളും വരുന്നുണ്ട്.

വയസാകുമ്പോള്‍ എല്ലാവരും കുട്ടികളെ പോലെയാകുമെന്നും അതാണ് ഈ കുട്ടിക്കളിയെന്നുമാണ് ചിലര്‍ വീഡിയോക്ക് കമന്റ് പറയുന്നത്. വെറുതെ എന്തിനാണ് ഈ ക്യൂട്ട്‌നെസ് കാണിക്കാന്‍ ശ്രമിക്കുന്നതെന്ന് ചോദിക്കുന്നവരുമുണ്ട്.

മൈക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം, നന്‍പകലിലെ ഇമോഷണല്‍ സീന്‍ ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവമാണ് മമ്മൂട്ടി അഭിമുഖത്തില്‍ പിന്നീട് പറയുന്നത്.

മമ്മൂട്ടിയുടെ അഭിനയം കണ്ട് മുത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി വല്ലാതെ ഇമോഷണലായി പോയെന്നും ഏറെ നേരം കരഞ്ഞെന്നും രമ്യ പാണ്ഡ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയും ഈ സീനിനെ കുറിച്ച് സംസാരിച്ചത്.

‘ആ പറഞ്ഞത് ശരിയാണ്. ആ കുട്ടി വലിയ കരച്ചിലായി. കുറെ നേരം ആ കൊച്ച് കരഞ്ഞു. എനിക്ക് ടെന്‍ഷനായി. ആകെ പ്രശ്നമായി, ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്നു.

പിന്നെ ഞാന്‍ പോയി ചിരിച്ചു കാണിച്ചു കൊടുത്തു. പക്ഷെ ആ കുട്ടി മുഖത്തേക്ക് നോക്കാതെ കൂനിക്കൂടിയിരുന്ന് കരച്ചില്‍ തന്നെയായിരുന്നു. എനിക്ക് കുഴപ്പമൊന്നുമില്ലെന്നൊക്കെ പറഞ്ഞാണ് അവസാനം ശരിയാക്കിയത്.

എന്തിനാണ് എല്ലാവരും ഇങ്ങനെ കരഞ്ഞത് എന്ന് എനിക്കറിയാന്‍ പാടില്ല. ആ കുട്ടിക്ക് പതിനാറ് വയസോ മറ്റോ ഉള്ളു. സിനിമയില്‍ സ്പോര്‍ട്സ് താരമായാണ് വരുന്നത്. സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നത് കൊണ്ടാണ് അത്തരം സീന്‍ വന്നപ്പോള്‍ പെട്ടെന്ന് കരച്ചിലായത് എന്ന് തോന്നുന്നു,’ മമ്മൂട്ടി പറഞ്ഞു.

ഐ.എഫ്.എഫ്.കെയില്‍ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 18നാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

നന്‍പകല്‍ നേരത്ത് സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് കയ്യടിയുയരുകയാണ്. നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ജെയിംസും സുന്ദരവുമെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.

Content Highlight: Mammootty’s cute actions during an interview goes viral

We use cookies to give you the best possible experience. Learn more