| Tuesday, 25th June 2024, 4:40 pm

അന്ന് പോറ്റിക്ക് വേണ്ടി അദ്ദേഹം ആ കാര്യം ആവശ്യപ്പെട്ടു; പക്ഷെ ആരുമത് ശ്രദ്ധിച്ചില്ല: മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു നല്‍കിയത്.

മമ്മൂട്ടി നായകനായ ഭ്രമയുഗത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ഒന്നിച്ചിരുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ കോസ്റ്റ്യൂമിനെ കുറിച്ച് പറയുകയാണ് കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി താരത്തിന്റെ ഡ്രസുകളെല്ലാം ഡിസൈന്‍ ചെയ്യുന്നത് അഭിജിത്താണ്.

‘ഭ്രമയുഗം സിനിമയില്‍ മമ്മൂക്കക്ക് വേണ്ടി ഹാന്‍ഡ് ലൂം ആണ് ചെയ്തിരിക്കുന്നത്. ഹാന്‍ഡ് ലൂമിന്റെ മെറ്റീരിയല്‍ ചെയ്യിപ്പിച്ചതാണ്. നമ്മളാരും അതിന് മുമ്പ് ബ്ലാക്ക് ഏന്‍ഡ് വൈറ്റ് പടത്തില്‍ വര്‍ക്ക് ചെയ്തിരുന്നില്ല. നമുക്ക് അതുമായി ഒരു എക്‌സ്പീരിയന്‍സുമില്ല. സിനിമകള്‍ക്ക് എപ്പോഴും കണ്ടിന്വിറ്റി ആവശ്യമുണ്ട്. ഓരോ സീനിനും കൃത്യമായി ഏത് കോസ്റ്റ്യൂം വേണമെന്നൊക്കെ തീരുമാനിക്കേണ്ടതുണ്ട്.

പോറ്റിയുടെ ഓരോ കാലഘട്ടത്തെയും കുറിച്ച് പറയുന്നുണ്ട്. അര്‍ജുന്‍ അശോകന്റെ കഥാപാത്രം അവിടേക്ക് വരുന്നത് മുതല്‍ പ്രായമായ അവസ്ഥയാകുന്നത് വരെയുണ്ട്. സംവിധായകനായ രാഹുലേട്ടന്‍ ആവശ്യപ്പെട്ടത് കോസ്റ്റ്യൂമിലൂടെ ആ കാലഘട്ടം രെജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു. അയാള്‍ ചാത്തനാണെന്ന് സിനിമയുടെ ഒരു ഘട്ടം കഴിയുമ്പോള്‍ മാത്രമാണ് നമുക്ക് മനസിലാകുന്നത്. അതുവരെ അയാള്‍ ഒരു സാധാരണ പോറ്റിയായിരുന്നു.

Also Read: കോട്ടയം കുഞ്ഞച്ചന്‍ മമ്മൂക്ക ചെയ്യുമെന്ന് എനിക്ക് ഉറപ്പ് തന്നത് അവരായിരുന്നു: ടി.എസ് സുരേഷ് ബാബു

എല്ലാ കാലവും അയാള്‍ ഒരേ വസ്ത്രമായിരുന്നില്ല ഇട്ടത്. അതുകൊണ്ട് ചെറിയ മാറ്റങ്ങള്‍ വേണമെന്ന് പറഞ്ഞത് ആ തുണികളില്‍ ഞങ്ങള്‍ മാറ്റം കൊണ്ടുവന്നിരുന്നു. എന്നാല്‍ ബ്ലാക്ക് ഏന്‍ഡ് വൈറ്റില്‍ വന്നതോടെ ഇതൊന്നും രെജിസ്റ്ററായില്ല. അത് നമുക്ക് ആദ്യത്തെ ദിവസം ഷൂട്ട് ചെയ്യുമ്പോഴാണ് മനസിലാകുന്നത്. എന്നിട്ടും ഞങ്ങള്‍ ആ കണ്ടിന്വിറ്റി പിടിച്ചാണ് പോയത്,’ അഭിജിത്ത് പറഞ്ഞു.


Content Highlight: Mammootty’s Costume Designer Talks About Bramayugam Movie

We use cookies to give you the best possible experience. Learn more