Entertainment
12 ശൈലികളില്‍ മലയാളം പറയുന്ന മമ്മൂട്ടി; വൈറലായി പുതിയ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 03, 09:52 am
Thursday, 3rd June 2021, 3:22 pm

മലയാള ഭാഷയുടെ ഏത് ശൈലിയും ഏറ്റവും സ്വാഭാവികതയോടെ അവതരിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വ്യത്യസ്തങ്ങളായ സ്ലാങ്ങുകളില്‍ സംസാരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ട്.

കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി പരീക്ഷിക്കാത്ത മലയാളം സംസാരശൈലികളില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോള്‍ വ്യത്യസ്ത ശൈലികളില്‍ സംസാരിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരു പുതിയ വീഡിയോ എത്തിയിരിക്കുകയാണ്.

കേരളത്തിലെ ഏകദേശം 14 ജില്ലകളിലെയും ശൈലികളില്‍ സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുയാണ്.

വള്ളുവനാടന്‍ മലയാളം പറയുന്ന വാത്സല്യത്തിലെ രാഘവനും, തൃശൂര്‍ക്കാരനായ പ്രാഞ്ചിയേട്ടനും, ഇടുക്കിക്കാരനായ ലൗഡ് സ്പീക്കറും, കോട്ടയം കുഞ്ഞച്ചനും, പുത്തന്‍പണത്തിലെ തുളു കലര്‍ന്ന മലയാളവും, കുഞ്ഞനന്തന്റെ കടയിലെ കണ്ണൂരുകാരനുമെല്ലാം വീഡിയോയിലുണ്ട്.

ബസ് കണ്ടക്ടറിലെ മലപ്പുറം ശൈലി, പണ്ടത്തെ കോഴിക്കോടന്‍ ശൈലി പറയുന്ന മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി, കാഴ്ചയിലെ ആലപ്പുഴക്കാരന്‍, അമരത്തിലെ കടപ്പുറം ഭാഷ, പത്തനംതിട്ടക്കാരന്‍ മാത്തുക്കുട്ടി, രാജമാണിക്യം എന്നിവയും വീഡിയോയിലെത്തുന്നുണ്ട്.

ചിത്രങ്ങളിലെ ഏറെ ശ്രദ്ധേയമായ ഡയലോഗുകള്‍ പറയുന്ന ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. വിവിധ ഭാവങ്ങളും വികാരതീവ്രമായ ഭാഗങ്ങളും കൈകാര്യം ചെയ്യുമ്പോഴും ഭാഷശൈലിയില്‍ നിന്നും തരിമ്പും വ്യതിചലിക്കാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് നിരവധി പേരാണ് ചൂണ്ടിക്കാട്ടുന്നത്.

ഇതില്‍ ഉള്‍പ്പെടാത്ത മമ്മൂട്ടി ചെയ്ത മറ്റു കഥാപാത്രങ്ങളും അവരുടെ ശൈലികളും വീഡിയോക്ക് താഴെ കമന്റുകളായി വരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mammootty’s characters speaking different Malayalam slang – new video goes viral