| Thursday, 11th January 2024, 8:23 pm

'എന്റെ മനക്കലേക്ക് സ്വാഗതം'; ഭീതിയിലാഴ്ത്തുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീസറുമായി ഭ്രമയുഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം തിയേറ്ററിലെത്തുന്ന സിനിമകളില്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന ഭ്രമയുഗം. ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷന്‍ വരുമ്പോഴും സോഷ്യല്‍ മീഡിയ വലിയ വരവേല്‍പ്പാണ് അതിന് നല്‍കുന്നത്.

പുതുവത്സര ദിനത്തില്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. അതിന് പിന്നാലെ അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ഥ് ഭരതന്റെയും അമല്‍ദ ലിസിന്റെയും പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

മുമ്പ് ഭ്രമയുഗത്തിന്റെ പാക്കപ്പ് വിവരം പങ്കുവെച്ചിരുന്നത് ലൊക്കേഷനില്‍ നിന്നുമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടുകൊണ്ടായിരുന്നു. പിന്നാലെ വന്ന പോസ്റ്ററുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയായിരുന്നു. അതോടെ ഇനി ചിത്രം മുഴുവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരിക്കുമോ എന്ന ചോദ്യമായിരുന്നു അവശേഷിച്ചിരുന്നത്.

ശേഷം ചിത്രത്തിന്റെ ടീസറിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഇപ്പോള്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഭ്രമയുഗത്തിന്റെ ആ ടീസറും പുറത്തുവന്നു. രണ്ട് മിനിറ്റും പതിനൊന്ന് സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയായിരുന്നു. പ്രേക്ഷകരെ പേടിപ്പിക്കുന്ന ടീസര്‍ തന്നെയാണ് ഇത്.


‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്ക് വേണ്ടി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് വേണ്ടി ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ സിനിമയാണ് ഇത്.

ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയമായിരിക്കും റിലീസ് ചെയ്യുന്നത്. ടി.ഡി. രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നത് ഓഗസ്റ്റ് 17നായിരുന്നു.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍ (ഡയറക്ടര്‍), പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് : മെല്‍വി ജെ., പി.ആര്‍.ഒ: ശബരി.

Content Highlight: Mammootty’s Bramayugam Movie Teaser Out

We use cookies to give you the best possible experience. Learn more