'ബസൂക്ക ലോഡിങ്...' മെഗാ സ്റ്റാറിന്റെ സ്‌റ്റൈലിഷ് ലുക്കില്‍ പുതിയ പോസ്റ്ററെത്തി
Entertainment
'ബസൂക്ക ലോഡിങ്...' മെഗാ സ്റ്റാറിന്റെ സ്‌റ്റൈലിഷ് ലുക്കില്‍ പുതിയ പോസ്റ്ററെത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th September 2024, 8:20 pm

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇപ്പോള്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

‘ബസൂക്ക ഇന്‍ സിനിമാസ് സൂണ്‍’ എന്ന ക്യാപ്ഷനോടെയാണ് ഈ പോസ്റ്റര്‍ പങ്കുവെച്ചത്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ എത്തിയത്. അദ്ദേഹത്തിന്റെ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറക്കിയിരുന്നു.

ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ബസൂക്ക നിര്‍മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ്. ചിത്രത്തിന്റെ ടീസര്‍ ഈയിടെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു അതിന് ലഭിച്ചത്.

തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ ഒരു പ്രധാനവേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ബസൂക്കക്കുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിക്കുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ – സാഹില്‍ ശര്‍മ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കന്റ് യൂണിറ്റ് ക്യാമറ – റോബി വര്‍ഗീസ് രാജ്, എഡിറ്റിങ് – നിഷാദ് യൂസഫ്, സംഗീതം – മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം – ഷിജി പട്ടണം, വസ്ത്രാലങ്കാരം – സമീറ സനീഷ്, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജു ജെ, പി.ആര്‍.ഒ. – ശബരി.

Content Highlight: Mammootty’s Bazooka Movie Poster Out Now