|

ദേവദൂതനും മണിച്ചിത്രത്താഴിനും ശേഷം ഇനി മമ്മൂട്ടിയുടെ ഊഴം; ആവനാഴി റീ റിലീസിനൊരുങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഈ വര്‍ഷം ആദ്യത്തോടെ ആരംഭിച്ച റീ റിലീസ് ട്രെന്‍ഡ് മലയാളത്തിലേക്കും ചേക്കേറുന്നതായി കാണാം. 2004ല്‍ തമിഴില്‍ റിലീസായ ഗില്ലിയുടെ ഇരുപതാം വര്‍ഷം പ്രമാണിച്ച് റീ റിലീസ് ചെയ്തിരുന്നു. പത്തു കോടിയിലേറെയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. വമ്പന്‍ ഹിറ്റുകളൊന്നും ഇല്ലാതിരുന്ന കാലത്ത് തമിഴ് സിനിമയെ പിടിച്ച് നിര്‍ത്തിയത് റീ റിലീസുകളായിരുന്നു.

മലയാളത്തിലും ഇപ്പോള്‍ റീ റിലീസ് തരംഗം നടക്കുന്നതായി കാണാം. കഴിഞ്ഞ വര്‍ഷം ഭദ്രന്‍ സംവിധാനം ചെയ്ത സ്പടികം തിയേറ്ററുകളില്‍ എത്തിയിരുന്നെങ്കിലും അത്രകണ്ട് ചിത്രം ആഘോഷിക്കപ്പെട്ടില്ല. എന്നാല്‍ ഈ വര്‍ഷം ജൂലൈ 26ന് സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ വീണ്ടും തിയേറ്ററുകളില്‍ എത്തുകയും വലിയ രീതിയിലുള്ള പ്രേക്ഷക പ്രീതിനേടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് ഓഗസ്റ്റ് 17ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മണിച്ചിത്രത്താഴിനെയും രണ്ടാം വരവില്‍ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞില്ല.

തുടര്‍ച്ചയായ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ റീ റിലീസ് ചെയ്ത് ഹിറ്റ് അടിച്ചിരുന്നു. ഇനി വരാന്‍ പോകുന്നത് മമ്മൂട്ടി ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ആവനാഴിയും പാലേരി മാണിക്യവും റീ റിലീസിനൊരുങ്ങുന്നു എന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ടി. ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആവനാഴി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമായിട്ടാണ് മമ്മൂട്ടി ആവനാഴിയില്‍ എത്തിയിരിക്കുന്നത്. മലയാളത്തില്‍ വന്‍ വിജയമായിരുന്ന ചിത്രം, തമിഴില്‍ കടമൈ കന്നിയം കട്ടുപ്പാട് എന്ന പേരിലും തെലുങ്കില്‍ മരണ ശാസനം എന്ന പേരിലും റീമെയ്ക് ചെയ്തിരുന്നു. നവംബറോടെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരൂപക പ്രശംസ നേടിയ ചിത്രമാണ് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. രഞ്ജിത്ത് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രവും വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. സിനിമയുടെ ഏറ്റവും പുതിയ ശബ്ദ സാങ്കേതിക മികവോടെ 4k അറ്റ്‌മോസ് പതിപ്പിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

Content Highlight: Mammootty’s Aavanazhi and Paleri Manikyam: Oru Pathirakolapathakathinte kadha are all set for re-release