| Thursday, 30th May 2024, 9:48 pm

എന്നെ ആദ്യമായി മെഗാസ്റ്റാര്‍ എന്ന് വിളിച്ചത് അവരാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

50 വര്‍ഷത്തിലധികമായി മലയാളസിനിമയുടെ നെടുംതൂണായി നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. 400ലധികം സിനിമകളും ഒട്ടനവധി പുരസ്‌കാരങ്ങളും നേടിയ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി 73ാം വ.സിലും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സിനിമാലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ സിനിമ കഴിയുമ്പോഴും സ്വയം തേച്ചു മിനുക്കുന്ന മഹാനടന്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി തന്നിലെ നടനെ ഉയരങ്ങളിലെത്തിച്ചു.

മെഗാസ്റ്റാര്‍ എന്ന വിശേഷണം തനിക്ക് ആദ്യമായി ലഭിച്ചത് 1987ലാണെന്ന് പറയുകയാണ് മമ്മൂട്ടി. ആദ്യമായി ദുബായിലെത്തിയ സമയത്ത് അവിടെയുള്ള ഒരു പ്രസ്സാണ് തനിക്ക് ഈ വിശേഷണം തന്നതെന്നും ഇന്ത്യയില്‍ നിന്നല്ല ഈ വിശേഷണം ലഭിച്ചതെന്നും താരം പറഞ്ഞു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമേരിയുമായി നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘ദുബായ് എനിക്കെന്‍രെ രണ്ടാമത്തെ വീടാണ്. ഞാന്‍ ആദ്യമായി ദുബായില്‍ എത്തുന്നത് 1987ലാണ്. ഇവിടെ വെച്ചാണ് എനിക്ക് മെഗാസ്റ്റാര്‍ എന്ന വിശേഷണം ലഭിക്കുന്നത്. ഇവിടെയുള്ള ഏതോ ഒരു പ്രസ്സാണ് ‘മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായിലെ മണ്ണിലേക്ക് എത്തുന്നു’ എന്ന് പരസ്യം ചെയ്തത്. പിന്നീട് എല്ലാവരും അതെന്റെ വിശേഷണമാക്കി മാറ്റി. പക്ഷേ എനിക്ക് ആ വിശേഷണം കൊണ്ടുനടക്കാന്‍ താത്പര്യമില്ല. എന്നെ എല്ലാവരും മമ്മൂക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടം,’ മമ്മൂട്ടി പറഞ്ഞു.

തന്റെ അവസാന ശ്വാസം വരെ സിനിമ തനിക്ക് മടുക്കില്ലെന്നും, താന്‍ മരിച്ച് കഴിഞ്ഞാല്‍ ലോകവസാനം വരെ ആളുകള്‍ തന്നെ ഓര്‍ത്തിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും മമ്മൂട്ടി പറഞ്ഞു. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് താനെന്നും തന്നെ ഓര്‍ത്തിരിക്കുന്നത് ഒരിക്കലും തന്നെ ബാധിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mammootty reveals that a press in Dubai gave him the title Mega Star

We use cookies to give you the best possible experience. Learn more