| Friday, 7th October 2022, 8:41 am

പുതിയ ആളുകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല; നവാഗതരുടെ സിനിമകളില്‍ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്ന വ്യക്തിയാണ് മമ്മൂട്ടി. കരിയറിലില്‍ ഉടനീളം നിരവധി നവാഗത സംവിധായകരുടെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രീസ്റ്റ്, പുഴു തുടങ്ങി അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളും പുതിയ സംവിധായകര്‍ക്കൊപ്പമായിരുന്നു.

പുതുമുഖ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ സാധാരണ എല്ലാവരും മടിക്കാറുണ്ട്. എന്നാല്‍ നവാഗതരുടെ സിനിമകളില്‍ താന്‍ അഭിനയിക്കാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.

പുതിയ കഥകള്‍ പറയുന്നത് പുതുമുഖ സംവിധായകരാണെന്നും അവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായി വരുന്നതുകൊണ്ട് സേഫ് സോണില്‍ നിന്ന് കഥപറയുന്നവരായിരിക്കില്ലെന്നും ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

”പുതിയ കഥകള്‍ പറയുന്നത് പുതുമുഖ സംവിധായകരാണ്. പുതിയ കഥകള്‍ പഴയ സംവിധായകര്‍ പറയുന്നില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പുതിയ ആളുകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ട് അവന്‍ എന്ത് റിസ്‌ക്കിനും തയ്യാറാകും. അതായത് വളരെ പരീക്ഷണമുള്ള കഥയോ പുതുമയുള്ള കഥയോ പറയും.

സേഫ് സോണില്‍ നിന്നുകൊണ്ടായിരിക്കില്ല പുതുമുഖ സംവിധായകര്‍ കഥ പറയുക. റോഷാക്ക് അതുപോലൊരു കഥയാണ്. അങ്ങനെയുണ്ടാകുമ്പോള്‍ നമുക്ക് വ്യത്യസ്തമായ വേഷം കിട്ടും. ഒരു നടനെന്ന നിലയില്‍ നമുക്കും അതാണ് വേണ്ടത്.

എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ശ്രമിക്കാം. അതിപ്പോള്‍ അഭിനയത്തിലായാലും കഥാപാത്രരചനയിലായാലും രൂപത്തിലും ഭാവത്തിലും മാറ്റാന്‍ പറ്റുന്നതിന്റെ പരമാവധി അവസരങ്ങള്‍ കൂടുതല്‍ കിട്ടും. ഓരോ കഥാപാത്രങ്ങളും ഓരോ സിനിമയിലേത് തന്നെയാണെന്ന് നമുക്ക് കണ്ടാല്‍ മനസിലാകും.

ഒരു സ്റ്റില്‍ കണ്ടാല്‍ ഒരുവിധം എല്ലാകഥാപാത്രങ്ങളെയും എനിക്ക് ഒരു പരിധിവരെ മനസിലാകും. അതുപോലൊരു വ്യത്യസ്തത വരുത്താന്‍ പറ്റുന്ന കഥയും കഥാപാത്രവുമായിട്ടുളള സിനിമകളായിരിക്കും എന്ന് കരുതിയിട്ടാണ് പുതുമുഖ സംവിധായകരെ നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നത്,” മമ്മൂട്ടി പറഞ്ഞു.

അതേസമയം അദ്ദേഹത്തിന്റെ പുതിയ സിനിമ റോഷാക്ക് ഇന്ന് തിയേറ്ററുകളില്‍ ഇറങ്ങും. കെട്ട്യാളാണെന്റെ മാലാഖ എന്ന സിനിമ സംവിധാനം ചെയ്ത നിസാം ബഷീറാണ് ചിത്രത്തിന്റെ സംവിധായകന്‍. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ജഗദീഷ്, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Mammootty revealed the reason for acting in new directors films

We use cookies to give you the best possible experience. Learn more