സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങുന്ന സിനിമയെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് അബുദാബിയിലെ അല്‍ വാദാ മാളില്‍ നടന്നു. ട്രെയ്‌ലര്‍ ലോഞ്ചിന് ശേഷം മമ്മൂട്ടി ആരാധകരോട് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. സിനിമ കാണാനെത്തുന്നവരോടുള്ള അപേക്ഷയായാണ് മമ്മൂട്ടി സംസാരിച്ചത്.
‘ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയ്‌ലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതുംതോന്നിയിട്ടുണ്ടാവും. പക്ഷേ ഒരു കഥയും മനസില്‍ വിചാരിക്കരുത്. സിനിമ കണ്ടിട്ട് ഞങ്ങള്‍ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാന്‍ വേണ്ടിയാണത്. ഈ സിനിമ ഒരു ശൂന്യമായ മനസോടുകൂടി വന്ന് കാണണം. എങ്കില്‍ മാത്രമേ ഈ സിനിമ ആസ്വദിക്കാന്‍ പറ്റൂള്ളൂ. ഒരു മുന്‍വിധികളുമില്ലാതെ ഈ സിനിമ നിങ്ങളെ ഞെട്ടിപ്പിക്കുമോ, പരിഭ്രമിപ്പിക്കുമെ, സംഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങള്‍ ആദ്യമേ ആലോചിക്കണ്ട.
ഇത് ഭയപ്പെടുത്തുമെന്നോ, ഭീതിപ്പെടുത്തുമെന്നോ ഞാന്‍ ആദ്യമേ പറയുന്നില്ല. ഇത് മലയാളസിനിമയില്‍ പുതിയൊരു അനുഭവമായിരിക്കും. നമ്മള്‍ വര്‍ണങ്ങളില്‍ കാണുന്ന പല കാഴ്ചകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണിക്കുന്ന സിനിമയാണിത്. 18ാം നൂറ്റാംണ്ടിന്റെ അവസാനത്തില്‍ നടക്കുന്ന കഥയാണ് സിനിമക്ക്. ആ കാലഘട്ടത്തിലാണ് പോര്‍ച്ചുഗീസുകാര്‍ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. അത് ഇന്ത്യയുടെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന് ഈ കഥയില്‍ വലിയ പ്രാധാന്യമുണ്ട്. അത്ര മാത്രമേ ഈ സിനിമയെപ്പറ്റി ഇപ്പോള്‍ പറയാനാകൂ. വേറൊരു കഥയും നിങ്ങള്‍ ആലോചിക്കരുത്’ മമ്മൂട്ടി പറഞ്ഞു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും, എസ്. ശശികാന്തുമാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്. ഷഹ്നാദ് ജലാല്‍ ഛായാഗ്രഹണവും, ക്രിസ്റ്റോ സേവിയര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Mammootty request to his fans during Bramayugam trailer launch