ഉദയകൃഷ്ണയുടെ മറ്റ് സിനിമകള്‍ തമ്മില്‍ സാമ്യമുണ്ടാകാം, പക്ഷെ ക്രിസ്റ്റഫര്‍ അങ്ങനെയല്ല: മമ്മൂട്ടി
Entertainment
ഉദയകൃഷ്ണയുടെ മറ്റ് സിനിമകള്‍ തമ്മില്‍ സാമ്യമുണ്ടാകാം, പക്ഷെ ക്രിസ്റ്റഫര്‍ അങ്ങനെയല്ല: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th February 2023, 9:10 pm

ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ കൂട്ടുക്കെട്ട് ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒമ്പതിന് തിയേറ്ററില്‍ റിലീസിനെത്തുകയാണ്. ഭീഷ്മ പര്‍വ്വം, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളുടെ ഗംഭീര വിജയത്തിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകരും അണിയറപ്രവര്‍ത്തകരും നോക്കിക്കാണുന്നത്.

ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ഉണ്ണികൃഷ്ണനും ഉദയകൃഷ്ണക്കുമെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.

ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളിലെ കഥ ഒരേ പാറ്റേണിലുള്ളതാണെന്ന് സിനിമാ മേഖലയില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ടല്ലോ, എന്നായിരുന്നു അവതാരകന്‍ സൂചിപ്പിച്ചത്.

എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും, ബി. ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണയും ചേര്‍ന്ന് ആകെ ഒരു സിനിമ ചെയ്തതായി മാത്രമേ തനിക്ക് അറിയൂ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. എപ്പോഴും സിനിമകള്‍ നന്നാവണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടെയുണ്ടായിരുന്ന ഷൈന്‍ ടോം ചാക്കോയും മമ്മൂട്ടിയെ പിന്തുണച്ചു.

‘ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും അതിന് എത്ര ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. രണ്ട് പേരും ഒരുമിച്ച ചിത്രങ്ങള്‍ എന്റെ അറിവില്‍ ഒന്നേ ഉള്ളൂ. എല്ലാവരുടെയും എല്ലാ സിനിമയും നന്നാവണമെന്നില്ലല്ലോ.

ഞാന്‍ ഉണ്ണിയോടൊപ്പവും, ഉദയ്‌യോടൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. പക്ഷെ അവര്‍ രണ്ട് പേരും ഒരുമിച്ച സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത് ആദ്യമാണ്. മറ്റു സിനിമകളെ കുറിച്ച് നിങ്ങള്‍ക്ക് സാമ്യത തോന്നാം. ക്രിസ്റ്റഫര്‍ അങ്ങനെയൊരു ചിത്രമല്ല,’ മമ്മൂട്ടി പറഞ്ഞു.

ആറാട്ടിന് തിയേറ്ററിലേറ്റ പരാജയത്തെത്തുടര്‍ന്ന് ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണക്കുമെതിരെ
സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരേ കഥയുളള സിനിമകളാണ് ഇവര്‍ ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം.

ഏജന്‍റോ രഹസ്യ പൊലീസോ ആയ നായകനും സിനിമയുടെ അവസാനം ഈ യഥാര്‍ത്ഥ ഐഡിന്റിറ്റി വെളിപ്പെടുത്തുന്നതുമാണ് ഉദയകൃഷ്ണയുടെ എല്ലാ സിനിമയിലെയും കഥയെന്നായിരുന്നു പ്രധാന വിമര്‍ശനം. മാസ്റ്റര്‍പീസ്, ആറാട്ട്, മോണ്‍സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഈ വിമര്‍ശനം.

 

ക്രിസ്റ്റഫറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഈ കഥയും വ്യത്യസ്തമാകാന്‍ വഴിയില്ലെന്നായിരുന്നു ട്രോളുകള്‍ വന്നത്. എന്നാല്‍ മമ്മൂട്ടിയുടെ സമീപകാല സിനിമാ സെലക്ഷനും ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടുള്ള പോസ്റ്ററുകളും ക്രിസ്റ്റഫറിന് കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

Content Highlight: Mammootty replies to criticism against Udayakrishna and B Unnikrishnan ahead of Christopher movie release