വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇനിയില്ല; ഡെന്നീസ് ജോസഫിനെ ഓര്‍ത്ത് മമ്മൂട്ടി
Malayalam Cinema
വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇനിയില്ല; ഡെന്നീസ് ജോസഫിനെ ഓര്‍ത്ത് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th May 2021, 10:51 pm

കൊച്ചി: അകാലത്തില്‍ അന്തരിച്ച ഡെന്നീസ് ജോസഫിന്റെ മരണം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നെന്ന് നടന്‍ മമ്മൂട്ടി. തന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ലെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നെന്നും മമ്മൂട്ടി പറഞ്ഞു.ഗായകന്‍ എം.ജി ശ്രീകുമാറും ഡെന്നീസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.

തന്റെ സംഗീത ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് ഡെന്നീസ് ആണെന്ന് എം.ജി ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച പോലും തങ്ങള്‍ സംസാരിച്ചിരുന്നു. തനിക്ക് താങ്ങാന്‍ പറ്റാത്ത ഒരു വേര്‍പാട് ആണിത്, താന്‍ വിശ്വസിക്കുന്നില്ലെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു.

ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ല, എന്നാണ് ഡെന്നീസിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സംവിധായകനുമായ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത് ഡെന്നിസിന്റെ സിനിമകളായിരുന്നു. 1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നിസ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. സംവിധായകരായ ജോഷി , തമ്പി കണ്ണന്തനം തുടങ്ങിയവരുടെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ എഴുതിയത് ഡെന്നീസ് ജോസഫ് ആയിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് ഡെന്നീസിന്റെതായി തിയേറ്ററില്‍ എത്തിയ അവസാന ചിത്രം. സംവിധായകരായ ജീത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, രഞ്ജിത് ശങ്കര്‍ നടന്മാരായ പൃഥ്വിരാജ്, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, നടി മഞ്ജു വാര്യര്‍ തുടങ്ങിയവരും ഡെന്നീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തിങ്കളാഴ്ച്ച വൈകീട്ടാണ് ഡെന്നീസ് ജോസഫ് ഹൃദയാഘാതം മൂലം അന്തരിച്ചത്. കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actor Mammootty remembers Dennis Joseph