| Monday, 12th February 2024, 12:33 pm

അന്ന് എന്നെ കെട്ടിപ്പിടിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു, ഓപ്പറേഷനുള്ള എല്ലാ കാര്യങ്ങളും ഏര്‍പ്പാടുചെയ്യാമെന്ന് പറഞ്ഞിട്ടും കേട്ടില്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ലോഹിതദാസുമൊത്തുള്ള നല്ല ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മമ്മൂട്ടി. ലോഹിയെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും സങ്കടമാണെന്നും തനിക്ക് ആത്മബന്ധമുള്ള ഒരു നല്ല സുഹൃത്തായിരുന്നു ലോഹിയെന്നുമാണ് മമ്മൂട്ടി പറയുന്നത്.

കാരണം പറയാതെ ഒരിക്കല്‍ തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ലോഹിയുടെ മുഖം ഇന്നും മനസിലുണ്ടെന്നും അസുഖമാണെന്ന വിവരം അറിഞ്ഞപ്പോള്‍ ചികിത്സയ്ക്ക് വേണ്ട എല്ലാ ഏര്‍പ്പാടും ചെയ്യാമെന്ന് പറഞ്ഞെങ്കിലും ലോഹി സമ്മതിച്ചില്ലെന്നും മമ്മൂട്ടി പറയുന്നു.

‘എനിക്ക് ഇടക്കാലത്ത് സിനിമയില്‍ ഒരു മോശം സമയമുണ്ടായിരുന്നു. ഞാന്‍ സിനിമയില്‍ നിന്നും ഔട്ടായെന്ന് വരെ ചിലര്‍ പറഞ്ഞ സമയം. അപ്പോഴും പത്ത് മുപ്പത് സിനിമ എനിക്കുണ്ട്. അങ്ങനെ ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ലോഹിയെ ഞാന്‍ ആദ്യം കാണുന്നത് ഒരു ബിനാമി എഴുത്തുകാരനായിട്ടാണ്.

ഞാന്‍ ചെറിയ വേഷത്തിലാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. പക്ഷേ എന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതുമാണ്. ആ സിനിമയുടെ സംവിധായകന്‍ വളരെ പ്രസിദ്ധനായ നോവലിസ്റ്റാണ്. അദ്ദേഹം എഴുതിക്കൊണ്ടുവന്നത് ലോഹിതദാസ് തിരുത്തുന്നതാണ് ഞാന്‍ കണ്ടത്. ആ തിരുത്തികൊണ്ടുവന്ന സ്‌ക്രിപ്റ്റ് ലോഹി ഈ സംവിധായകനെ കാണിച്ചതും ഇയാള്‍ ആ കടലാസ് കീറിയിട്ട് ലോഹിയുടെ മുഖത്തേറിഞ്ഞു.

ആ ലോഹിയുടെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇത് എന്ന മട്ടില്‍. ഞാന്‍ ഒരു സഹായം ചെയ്യാന്‍ വന്ന ആളല്ലേ, ഞാന്‍ എന്ത് ദ്രോഹമാണ് ഈ സിനിമയ്ക്ക് ചെയ്തത്. എനിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ലോഹി ആലോചിച്ചിട്ടുണ്ടാകും.

ആ സിനിമ ഇടയ്ക്ക് നിന്നു. പിന്നീട് സിനിമകള്‍ മാറി. ഞാന്‍ ന്യൂദല്‍ഹിക്ക് ശേഷം തനിയാവര്‍ത്തനം ചെയ്യുകയാണ്. അതിന്റെ സ്‌ക്രിപ്റ്റ് ലോഹിയാണ്. ആ ലോക്കെഷനിലേക്ക് ഈ സിനിമാക്കാരന്‍ വന്നു. അതിന്റെ സംവിധായകനും നിര്‍മാതാവും കൂടിയാണ് വന്നത്. മമ്മൂക്ക നമുക്ക് ആ സിനിമയുടെ ബാക്കി ചെയ്യണം എന്ന് പറഞ്ഞു.

ചെയ്യാം പക്ഷേ ഇയാള്‍ എഴുതണം എന്ന് ഞന്‍ ലോഹിയെ ചൂണ്ടി പറഞ്ഞു. അങ്ങനെ ലോഹി അതിനും ബിനാമിയായി എഴുതിക്കൊടുത്തു. അതാണ് ഞാനും ലോഹിയുമായിട്ടുള്ള ആദ്യ ബന്ധം.

അതുപോലെ ഒരു ന്യൂ ഇയറിനാണ് വാത്സല്യത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. അന്ന് രാത്രി സെറ്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കുകയാണ്. ഭക്ഷണമൊക്കെ ഉണ്ടാക്കി പടക്കമൊക്കെ പൊട്ടിച്ചാണ് ആഘോഷം.

രാത്രി 12 മണിക്ക് എന്നെ ന്യൂ ഇയര്‍ വിഷ് ചെയ്തിട്ട്, എനിക്ക് അത് ആലോചിക്കാന്‍ പറ്റുന്നില്ല, ഒരു കാരണവുമില്ലാതെ ലോഹി എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കുറേ നേരം അദ്ദേഹം ഏങ്ങിക്കരയുകയാണ്. കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോഴേക്ക് എന്റെ അടുത്തേക്ക് വരും. എഴുത്തില്‍ മാത്രമല്ല. എഴുത്തിന് കഥ കിട്ടാതാവുമ്പോള്‍ വരും. കഥ പറയും. ഞാന്‍ അഭിനയിച്ചതോ അല്ലാത്തതോ ഒക്കെ. ഇടയ്ക്ക് അത് വിട്ടു.

അവസാനകാലമായപ്പോള്‍ അദ്ദേഹത്തിന് സുഖമില്ലെന്ന വിവരം അറിഞ്ഞിട്ട് ഞാന്‍ വിളിപ്പിച്ചു. ഇയാള്‍ അത് സമ്മതിക്കുന്നില്ല. മൂന്ന് ബ്ലോക്കുണ്ട്. ഓപ്പറേഷന് സമ്മതിക്കുന്നില്ല എന്ന വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ച് പുലഭ്യം ചീത്ത പറഞ്ഞു.

ഓപ്പറേഷന് വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് പറഞ്ഞു. അതൊക്കെ ചെയ്യാം, പോയിട്ട് ചെയ്യാമെന്ന് പറഞ്ഞു. ഭയമായിരുന്നു പുള്ളിക്ക്. അങ്ങനെ ഞാന്‍ ഷൂട്ടിന് എവിടെയോ പോയി തിരിച്ചുവന്നപ്പോഴേക്കും ലോഹി പോയി. എന്തിനാണ് ഇങ്ങനെയൊക്കെ. പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. എന്ത് പറയാന്‍ പറ്റും,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty remember director Lohithadas

We use cookies to give you the best possible experience. Learn more