| Tuesday, 21st November 2023, 10:17 am

അങ്ങനെയൊന്ന് ഞാനും കേട്ടിരുന്നു; ലോകേഷ്- രജിനി ചിത്രത്തിലേക്ക് വിളിച്ചെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രജിനിയുടെ 171ാമത് ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലേക്ക് മമ്മൂട്ടി എത്തുമെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ വന്നിരുന്നു. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഈ ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥ മമ്മൂട്ടി തന്നെ തുറന്ന് പറയുകയാണ്. വാര്‍ത്തകളില്‍ സത്യമില്ലെന്നും രജിനി ചിത്രത്തിലേക്ക് തനിക്ക് ഇതുവരെ വിളിയൊന്നും വന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. കാതല്‍ ദി കോര്‍ ചിത്രവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്ങനെയുള്ള വാര്‍ത്തകള്‍ ഞാനും കേട്ടിരുന്നു. അതിലൊരു സത്യവുമില്ല. നമുക്ക് ഇതൊക്കെ പോരേ. വിളിക്കട്ടെ, വിളിക്കുമ്പോള്‍ ആലോചിക്കാം. ഇതുവരെ വിളിച്ചിട്ടില്ല. എനിക്ക് അവരെയൊന്നും പരിചയമില്ല. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത് കുഴപ്പമില്ല. കിട്ടിയാല്‍ കൊള്ളാം, ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല,’ മമ്മൂട്ടി പറഞ്ഞു.

അവസാനം പുറത്ത് വന്ന രജിനികാന്ത് ചിത്രം ജയിലറിലേക്കും മമ്മൂട്ടിയെ വിളിച്ചിരുന്നു. വിനായകന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമാവാന്‍ മമ്മൂട്ടിയെ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. രജിനി ഇക്കാര്യം പറഞ്ഞ് മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വില്ലനായതുകൊണ്ട് ഫൈറ്റ് രംഗങ്ങളെ പറ്റി ആശങ്കയുണ്ടാവുകയും തുടര്‍ന്ന് വില്ലനായി വിനായകന്‍ വരികയും ചെയ്യുകയായിരുന്നു. ജയിലര്‍ ഓഡിയോ ലോഞ്ചില്‍ മമ്മൂട്ടിയുടെ പേരെടുത്ത് പറയാതെ രജിനി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

അതേസമയം നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജ്യോതികയാണ് ചിത്രത്തില്‍ നായികയാവുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസാണ് നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്.

Content Highlight: Mammootty reacts to the news of Lokesh-Rajini calling for the film

We use cookies to give you the best possible experience. Learn more