| Friday, 26th January 2018, 10:08 am

'ഇവര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ സംവിധായകനല്ലാത്തതില്‍ ജാള്യതയുണ്ട്'; ദുല്‍ഖര്‍ സല്‍മാനുമായി ഭാവിയില്‍ ഒന്നിച്ച് അഭിനയിച്ചേക്കാമെന്നും മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുബായ്: മകന്‍ ദുല്‍ഖര്‍സല്‍മാനൊപ്പം ഭാവിയില്‍ ഒന്നിച്ച് അഭിനയിച്ചേക്കുമെന്ന് നടന്‍ മമ്മൂട്ടി. ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്ത “സ്ട്രീറ്റ് ലൈറ്റ്‌സ്” എന്ന ചിത്രത്തിന്റെ ജി.സി.സിയിലെ റിലീസിനോടനുബന്ധിച്ച്‌നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

താന്‍ ഒരിക്കലും സിനിമ സംവിധാനം ചെയ്യില്ലെന്നും ആ ആഗ്രഹം പണ്ടേ ഉപേക്ഷിച്ചതാണെന്നും മമ്മൂട്ടി പറഞ്ഞു. സ്ട്രീറ്റ് ലൈറ്റ്‌സില്‍ അഭിനയിച്ചവരില്‍ രണ്ടുപേര്‍ സംവിധായകരാണ്. സൗബിന്‍ ഷാഹിറും സോഹന്‍ സീനു ലാലും. ഇവര്‍ക്കു രണ്ടുപേര്‍ക്കും ഷാദത്തിനുമൊപ്പം ഇരിക്കുമ്പോള്‍ താനൊരു സംവിധായകനല്ലാത്തതില്‍ ജാള്യത തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.


Also Read: ആറുതരം സുരക്ഷാസംവിധാനങ്ങളോടെ അടിമുടി മാറി ഡ്രൈവിങ് ലൈസന്‍സ്; പുതിയ പരിഷ്‌കാരം അടുത്തയാഴ്ച മുതല്‍


മകന്‍ ദുല്‍ഖര്‍ സല്‍മാനുമായി ഭാവിയില്‍ ഒന്നിച്ച് അഭിനയിച്ചേക്കാമെന്നു പറഞ്ഞ മമ്മൂട്ടി, അത് എന്നാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പറഞ്ഞു. ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സിലേത്. ഒട്ടേറെ ചിത്രങ്ങളില്‍ പൊലീസായിട്ടണ്ടെങ്കിലും ഓരോന്നും വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

സ്ട്രീറ്റ് ലൈറ്റ്‌സിലെ പൊലീസുദ്യോഗസ്ഥന്‍ തീര്‍ത്തും വ്യത്യസ്തമാണ്. കൂടുതല്‍ പ്രേക്ഷകര്‍ കാണുന്നതിനാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. ഇതിനകം സിനിമയില്‍ പത്തായിരം സ്റ്റണ്ടുകളെങ്കിലും നടത്തിയിട്ടുണ്ടാകും. ഷാംദത്ത് പ്രതിഭയുള്ള കലാകാരനാണ്. പുതിയ സംവിധായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത്, അവര്‍ക്ക് പുതിയതെന്തെങ്കിലും പറയാനുണ്ടായിരിക്കും എന്നതു കൊണ്ട് തന്നെയാണ്. -മമ്മൂട്ടി പറയുന്നു.


Don”t Miss: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നാരോപിച്ച് ലണ്ടനില്‍ ജനപ്രതിനിധിയുടെ പ്രതിഷേധം


സ്ട്രീറ്റ്‌ലൈറ്റ്‌സില്‍ അഭിനയിച്ച എല്ലാ നടീനടന്മാര്‍ക്കും പ്രാധാന്യമുണ്ട്. നമ്മുടെ തെരുവു വിളക്കുകള്‍ക്കടിയില്‍ പലതും സംഭവിക്കുന്നു. ആ കഥയാണ് സ്ട്രീറ്റ് ലൈറ്റ്‌സ് പറയുന്നത്. അത് ബോറടിപ്പിക്കാതെ പറയുന്ന വെല്ലുവിളി സംവിധായകന്റേതാണ്. ചിത്രം മികച്ചതാണോ എന്ന് കണ്ടതിന് ശേഷം പ്രേക്ഷകരാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസാണ് ത്രില്ലര്‍ ചിത്രമായ സ്ട്രീറ്റ് ലൈറ്റ് മലയാളത്തിലും തമിഴിലും നിര്‍മിച്ചത്.

“ഒരു സിനിമയുടെ വാര്‍ത്താ സമ്മേളനം, പ്രിമിയര്‍ ഷോ എന്നിവയുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഞാന്‍ യു.എ.ഇയിലേയ്ക്ക് വരുന്നത്. ജി.സി.സിയില്‍ ഏറെ മലയാളികളുണ്ടെങ്കിലും നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഇവിടെ റിലീസ് ചെയ്യാറില്ല. മറ്റു ഭാഷകളിലുള്ള പടങ്ങള്‍ ഇഷ്ടംപോലെ ഇവിടെ റിലീസ് ചെയ്യുന്നതായിരിക്കാം ഇതിന് കാരണം. നാട്ടില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ പിന്നീട് വെബ്‌സൈറ്റിലൂടെയും മറ്റും കാണുന്ന ഇവിടുത്തെ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ കാണുമ്പോള്‍ ജാള്യത തോന്നാറുണ്ട്. എന്നാല്‍, പ്ലേ ഹൗസ് തന്നെ നിര്‍മിച്ച വര്‍ഷം എന്ന തന്റെ ചിത്രം ഇതിന് മുന്‍പ് കേരളത്തോടൊപ്പം തന്നെ ജി.സി.സിയില്‍ റിലീസ് ചെയ്തു. എന്റെ ഓരോ ചിത്രവും ജി.സി.സിയിലെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഏത് ഭാഷക്കാരോ, ദേശക്കാരോ ആയിക്കോട്ടെ, സിനിമാ പ്രേക്ഷകരുടെ ആ ആവേശം നേരിട്ട് അനുഭവിച്ചറിയാനാണ് താനിപ്പോള്‍ വന്നത്.” -മമ്മൂട്ടി പറഞ്ഞു


Never Miss: ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകയെ ‘ബേബി’ എന്ന് വിളിച്ച് കര്‍ണിസേന പ്രതിനിധി; രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അവതാരക (Watch Video)


ചിത്രത്തിന്റെ തമിഴ് പതിപ്പ് ഉടന്‍ റിലീസാകും. അങ്കിള്‍, പരോള്‍ എന്നിവയാണ് അടുത്തതായി റിലീസാകുന്ന മമ്മൂട്ടി ചിത്രങ്ങള്‍. ഏറെ കാലത്തിന് ശേഷം തമിഴില്‍ വേഷമിട്ട പേരന്‍പ് റോട്ടര്‍ഡാം ചലചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തും. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ റാമാണ് സംവിധാനം. മമ്മൂട്ടി ടാക്‌സി ഡ്രൈവറായി വേഷമിടുന്നു.

മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ നേരത്തെ ക്യാമറ ചലിപ്പിച്ചിട്ടുള്ളതിനാല്‍ സ്ട്രീറ്റ് ലൈറ്റ്‌സ് സംവിധാനം ചെയ്യുന്ന അവസരത്തില്‍ യാതൊരു പ്രയാസവും നേരിട്ടിരുന്നില്ലെന്ന് ഷാംദത്ത് പറഞ്ഞു. മമ്മുക്കയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനിഷ്ടപ്പെടുകയും നിര്‍മാണം കൂടി ഏറ്റെടുക്കുകയുമായിരുന്നു. മമ്മുട്ടിയെ പോലുള്ള ഒരു നടന് അഭിനയത്തേക്കുറിച്ച് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ലാത്തതും സംവിധാനം എളുപ്പമാക്കിയതായി അദ്ദേഹം പറഞ്ഞു. നടന്‍ സൗബിന്‍ ഷാഹിര്‍, സോഹന്‍ സീനു ലാല്‍ എന്നിവരും പങ്കെടുത്തു. ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ലിജോ മോള്‍, സോഹന്‍ സീനുലാല്‍, ഹരീഷ് കണാരന്‍ തുടങ്ങിയ താരങ്ങള്‍ മലയാളത്തിലും മനോബാല, ബ്ലാക്ക് പാണ്ടി തുടങ്ങിയ താരങ്ങള്‍ തമിഴ് പതിപ്പിലും അണിനിരക്കുന്നു. നവാഗതനായ ഫവാസ് മുഹമ്മദിന്റേതാണ് രചന. ആര്‍ദശ് ഏബ്രഹാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സംവിധായകന്‍ ഷാംദത്ത് തന്നെയാണ്.

അബുദാബി ദല്‍മാ മാളില്‍ വെള്ളിയാഴ്ച (26) വൈകിട്ട് ആറരയ്ക്ക് സ്ട്രീറ്റ് ലൈറ്റ്‌സ് പ്രോമോഷന്‍ പരിപാടി നടക്കും. മമ്മൂട്ടി, സംവിധായകന്‍ ഷാംദത്ത്, നടന്‍ സൗബിന്‍ ഷാഹിര്‍, സോഹന്‍ സീനു ലാല്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കടപ്പാട്: മനോരമ

We use cookies to give you the best possible experience. Learn more