| Saturday, 8th January 2022, 10:31 pm

കൈ പുറകില്‍ കെട്ടി നടന്നുനീങ്ങുന്ന സേതുരാമയ്യര്‍, 'ഒഫീഷ്യല്‍ ലീക്ക്' ചിത്രവുമായി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്ട് തലമുറയില്‍പെട്ട ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐയുടെ അഞ്ചാം ഭാഗം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌ക്രീനില്‍ എത്തിയ സേതുരാമയ്യര്‍ വീണ്ടുമെത്തുമ്പോള്‍ കഥാപാത്രത്തിന്റെ ലുക്ക് എങ്ങിനെയായിരിക്കുമെന്ന് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ സേതുരാമയ്യരുടെ ‘ലീക്ക് ലൂക്ക്’ മമ്മൂട്ടി തന്നെ പുറത്തുവിട്ടിരിക്കുകയാണ്. സേതുരാമയ്യരുടെ ഐക്കോണിക്ക് ലുക്ക് ആയ കൈ പുറകില്‍ കെട്ടി നടന്നു പോകുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവിട്ടത്.

‘ഒഫിഷ്യല്‍ ലീക്ക്!’ എന്ന അടികുറിപ്പോടെയാണ് ചിത്രം മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്. സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.

സി.ബി.ഐ സീരീസില്‍ മുമ്പുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സംവിധായകന്‍ കെ. മധുവും, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനനുമാണ് ആ മൂന്ന് പേര്‍. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ലോക സിനിമയില്‍ ആദ്യമായാണ് ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും, തങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റം തുടരുകയാണെന്നുമായിരുന്നു സംവിധായകനായ കെ. മധു ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mammootty out a ‘Official Leak’ pic of Sethurama Iyer CBI 5

We use cookies to give you the best possible experience. Learn more