സിനിമാ റിവ്യുകളെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് മമ്മൂട്ടി. മറ്റൊരാളുടെ അഭിപ്രായം സ്വന്തം അഭിപ്രായമായി മാറരുത് എന്നും സ്വന്തമായി തീരുമാനങ്ങളുണ്ടാവണമെന്നും മമ്മൂട്ടി പറഞ്ഞു. മറ്റൊരാളുടെ അഭിപ്രായത്താല്‍ സ്വാധീനിക്കപ്പെടരുതെന്നും നമ്മുടെ കാഴ്ചാസ്വാതന്ത്ര്യം പൂര്‍ണമായി അനുഭവിക്കുകയെന്നും കണ്ണൂര്‍ സ്‌ക്വാഡിന്റെ ജി.സി.സി പ്രൊമോഷനിടയില്‍ മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞു.
‘നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം വേറെ ഒരാള്‍ക്ക് പണയം വെക്കാതിരിക്കുക. നമുക്കുള്ള അഭിപ്രായം നമ്മള്‍ തന്നെ പറയണം. വേറെ ഒരാളുടെ അഭിപ്രായം നമ്മുടെ അഭിപ്രായമായി മാറരുത്. അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിട്ട് അത് ഉപയോഗിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ തന്നെ കളയുകയാണ്. സ്വന്തമായി തീരുമാനങ്ങളുണ്ടാവണം.
അഭിപ്രായങ്ങള്‍ കണ്ടും കേട്ടും പോവണ്ട എന്നല്ല ഞാന്‍ പറയുന്നത്. എല്ലാ സിനിമകളും കണ്ടിട്ട് അഭിപ്രായം പറയാനോ ഇനി അത് മോശമാണെങ്കില്‍ താങ്ങാനുള്ള സാമ്പത്തിക ശേഷിയോ ചിലപ്പോള്‍ നിങ്ങള്‍ക്കുണ്ടായില്ല എന്ന് വരാം. എന്നാലും ഒരു സിനിമ ഇഷ്ടപ്പെട്ടെങ്കില്‍ ഇഷ്ടപ്പെടുക, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് പറയുക.
വേറെ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടു എങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ടു എന്നുള്ളതല്ലാതെ വേറെ ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടാല്‍ അത് പറയുക. അതാണ് അഭിപ്രായം. വേറെ ആളുകളുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കാതിരിക്കുക. നമ്മുടെ കാഴ്ചാസ്വാതന്ത്ര്യം പൂര്‍ണമായി അനുഭവിക്കുക,’ മമ്മൂട്ടി പറഞ്ഞു.
സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി എ.എസ്.ഐ. ജോര്‍ജ് മാര്‍ട്ടിനായാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ എത്തുന്നത്.
യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.
കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
Content Highlight: Mammootty opens up about his opinion on movie reviews