Movie Day
ലാലൊക്കെ വളരെ ഭവ്യതയോടെ അദ്ദേഹത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്, ഞാന്‍ അതിന് തയ്യാറായിരുന്നില്ല: മമ്മൂട്ടി
പണ്ടുമുതലേ ആരുടേയും മുന്നില്‍ വലിയ ഭവ്യതയൊന്നും കാണിച്ചു നില്‍ക്കുന്ന ആളായിരുന്നില്ല താനെന്നും അതിനെ അധികപ്രസംഗമെന്നോ അഹങ്കാരമെന്നോ വിളിക്കാമെന്നും പറയുകയാണ് നടന്‍ മമ്മൂട്ടി.
മോഹന്‍ലാലൊക്കെ വളരെ ഭവ്യതയോടെ ബഹുമാനത്തോടെ നില്‍ക്കുന്നയിടങ്ങളില്‍ പോലും താന്‍ ആ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.
സിനിമയിലെ തുടക്കകാലത്തെ കുറിച്ചും മോഹന്‍ലാലുമൊത്തുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഒരുമിച്ച് അഭിനയിച്ച് രണ്ട് താരങ്ങളായി വളര്‍ന്നുവന്നവരാണ് തങ്ങളെന്നും ലാലുമായി അന്നും ഇന്നും തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും മമ്മൂട്ടി പറയുന്നു. ഒരു സിനിമ പോലും ഇല്ലാതിരുന്ന സമയത്തും തന്റെ സ്വഭാവക്കേടിന് വലിയ കുറവൊന്നും ഉണ്ടായിരുന്നില്ലെന്നും മമ്മൂട്ടി തമാശരൂപേണ പറയുന്നുണ്ട്.
‘ ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് പടയോട്ടത്തിലാണ്. അങ്ങനെ ഞാന്‍ ലൊക്കേഷനിലേക്ക് ചെന്നു. മോഹന്‍ലാലിന്റെ അച്ഛനായിട്ടാണ് അഭിനയിക്കുന്നത്. അന്നെനിക്ക് സിനിമയേ ഇല്ല, മാത്രമല്ല അനാവശ്യമായ ചില ദുസ്വഭാവങ്ങളും ഉണ്ട്. എന്താണ് കഥ? എന്താണ് കഥാപാത്രം? ഇതില്‍ ഏത് റോളാണ് ഞാന്‍ അഭിനയിക്കുന്നത് ഇതൊക്കെയാണ് എന്റെ ചോദ്യം. ശരിക്കും അങ്ങനെ ഒരു കഥാപാത്രം ആ സിനിമയില്‍ ഇല്ല. പിന്നെ ഉണ്ടാക്കിയതാണ്. അതുകൊണ്ട് തന്നെ കഥാപാത്രത്തെ കുറിച്ച് ആ സമയത്ത് അത്രയൊന്നും വിശദീകരിക്കാനില്ല.
ജുബ്ബയും ജീന്‍സും ധരിച്ച് താടിയും മുടിയുമൊക്കെ വളര്‍ത്തി ഒരു ബുദ്ധിജീവി ലുക്കിലാണ് ഞാന്‍ പോകുന്നത്. അവിടെ അപ്പച്ചന്‍ സാറുണ്ട്. സംവിധായകന്‍ ജിജോയും പ്രിയദര്‍ശനും ശങ്കറും മോഹന്‍ലാലും സിബിയുമൊക്കെയുണ്ട്. സിബിയാണെന്ന് തോന്നുന്നു എന്റെ പേര് പറഞ്ഞത്.
നമ്മുടെ ഈ വിവരക്കേടോ അധിക പ്രസംഗത്തരമോ ഒക്കെയാവാം. അവര്‍ എല്ലാവരും നില്‍ക്കുന്നിടത്ത് ഒരു കട്ടില്‍ ഉണ്ട്. ഞാന്‍ ആ കട്ടിലില്‍ കയറിയങ്ങ് കിടന്നു. ഇരുന്നതുപോലുമല്ല. കിടന്നു. എന്നിട്ട്, ആ കഥ പറയൂ എന്ന് പറഞ്ഞു. ലോകത്ത് ഒരാളെയും കിട്ടാഞ്ഞിട്ട് എന്നെ വിളിപ്പിച്ചിരിക്കുകയാണെന്ന പോലെയാണ് എന്റെ പെരുമാറ്റം. ആലോചിച്ചുനോക്കണം. അധികപ്രസംഗവും വിവരക്കേടുമാണ്. അപ്പച്ചന്‍ അവിടെ നില്‍ക്കുന്നുണ്ട്. നമുക്കൊരു കാര്യം ചെയ്യാം. കഥ അവിടെ വന്നു പറയുമെന്ന് പുള്ളി പറഞ്ഞു.
ഞാന്‍ നോക്കുമ്പോള്‍ ലാല്‍ വളരെ ഭവ്യതയോടെ നില്‍ക്കുന്നു. അപ്പച്ചന്‍ സാറിനെ പപ്പാ എന്നാണ് വിളിക്കുന്നത്. പ്രിയദര്‍ശനുമൊക്കെ പപ്പാ എന്നാണ് വിളിക്കുന്നത്. ഞാന്‍ അപ്പച്ചാ എന്നാണ് വിളിച്ചത്. അന്ന് മുതലേ എനിക്ക് കുഴപ്പമാണല്ലോ (ചിരി). അവര്‍ എല്ലാവരും കൂടി താമസിക്കുന്നത് ഒരു ഗസ്റ്റ് ഹൗസിലാണ്. എന്നെ അവിടെ ഗാര്‍ഡന്‍ ഹൗസ് എന്ന് പറയുന്ന ഒരു സ്ഥലത്താണ് താമസിപ്പിക്കുന്നത്.
അതിന് ശേഷമാണ് ഞാനും ലാലും പരിചയപ്പെടുന്നത്. അങ്ങനെ സൗഹൃദമായി. സൗഹൃദം വളര്‍ന്ന് വളര്‍ന്ന് 60 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. ലാല്‍ ആദ്യം വില്ലന്‍ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. അതുപോലെ തമാശകള്‍ ഒരുപാട് ഉണ്ടാക്കുന്ന ആളാണ്.
ഞാന്‍ അന്ന് ലാലിനെ പറ്റി പറഞ്ഞ ഒരു കാര്യമുണ്ട്. അതൊരു തമാശയാണ്. അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് ലാല്‍ എന്ന് പറഞ്ഞു. ഈ രണ്ട് പേരുടേയും ഗുണങ്ങള്‍ ലാലിലുണ്ട്. അത് ലാലിനും ഓര്‍മയുണ്ടാകും. പിന്നെ ആ രീതികളൊക്കെ മാറി, ലാല്‍ നായകനായി.
ആക്ടര്‍ എന്ന നിലയില്‍ ലാല്‍ ഒരുപാട് വളര്‍ന്ന് ഇപ്പോഴത്തെ മോഹന്‍ലാലായി. അത് നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കണ്ടല്ലേ നില്‍ക്കുന്നത്. എന്റെ സിനിമകള്‍ ലാല്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ലാലിന്റെ സിനിമകള്‍ കാണും. ലാല്‍ വല്ലപ്പോഴുമൊക്കെയേ സിനിമ കാണൂ. ഞാന്‍ എല്ലാ സിനിമയും കാണും.
ലാലിന്റെ സിനിമകള കുറിച്ചൊക്കെ അക്കാലത്ത് ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ താരങ്ങളായി. രണ്ട് നടന്‍മാരായി. എല്ലാ സ്ഥലത്തും ഒരുപോലെയായി. അവാര്‍ഡ് കിട്ടുന്നതുപോലും അങ്ങനെയായി. ഒരു വര്‍ഷം ഒരാള്‍ക്ക് അടുത്ത വര്‍ഷം ഒരാള്‍ക്ക് എന്ന രീതിയിലൊക്കെ കാര്യങ്ങള്‍ മാറി,’ മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty on his Character and share an incident with mohanlal