വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട ആളല്ല താനെന്ന് നടന്‍ മമ്മൂട്ടി. ഒരാള്‍ പറയുന്ന എന്ത് കാര്യം ഉപയോഗിച്ചും വിവാദങ്ങള്‍ സൃഷ്ടിക്കാമെന്നും എന്നാല്‍ വിവാദങ്ങളല്ല വേണ്ടത് സംവാദങ്ങളാണെന്നും മമ്മൂട്ടി പറഞ്ഞു. അത്തരത്തില്‍ സംവാദങ്ങള്‍ സൃഷ്ടിക്കാന്‍ മമ്മൂട്ടി വളര്‍ന്നിട്ടില്ലെന്നും, അങ്ങനെ വളരുന്ന കാലത്ത് എന്തെങ്കിലും വിവാദങ്ങള്‍ അഴിച്ച് വിടാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സിനിമയെ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും സിനിമയുടെ മറ്റ് വഴികളിലൂടെ പോയിട്ടില്ലെന്നും അതുകൊണ്ടാണ് തന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാകാത്തതെന്നും മമ്മൂട്ടി പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ പഴയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘എനിക്ക് വിവാദങ്ങളെ പേടിയില്ല. പക്ഷെ വിവാദിക്കേണ്ട ആളല്ല ഞാനെന്ന് ബോധ്യമുണ്ട്. അതായത് വിവാദങ്ങള്‍ ഉയര്‍ത്തേണ്ട ആളല്ല ഞാന്‍. ആര് പറയുന്ന എന്ത് കാര്യം ഉപയോഗിച്ചും ആര്‍ക്ക് വേണമെങ്കിലും വിവാദങ്ങള്‍ സൃഷ്ടിക്കാമല്ലോ. എന്ത് വാദങ്ങള്‍ മുമ്പോട്ട് വെച്ച് വേണമെങ്കിലും തര്‍ക്കിക്കാമല്ലോ. അങ്ങനെ സംവാദങ്ങള്‍ നടത്താനുള്ള ഒരാളാണോ മമ്മൂട്ടി.
അങ്ങനെയുള്ള സംവാദങ്ങള്‍ നടത്താനായിട്ടില്ല മമ്മൂട്ടി. അങ്ങനെയാകുന്ന കാലത്ത് ഞാന്‍ എന്തായാലും ഒരു വിവാദം അഴിച്ചുവിടാം. നമ്മള്‍ക്കിടയില്‍ കൂടുതലും നടക്കുന്നത് വിവാദങ്ങളാണ്. ശരിക്കും ആവശ്യം സംവാദങ്ങളാണ്. സംവാദങ്ങള്‍ക്കനുസരിച്ച് സംവേദനങ്ങളും മറ്റും പ്രവര്‍ത്തികളിലേക്ക് മാറുകയാണെങ്കില്‍ അതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
ഒരാള്‍ക്ക് പറഞ്ഞത് മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടുന്നില്ല, അങ്ങനെ നമ്മുടെ സമയം മുഴുവന്‍ വിവാദങ്ങളിലേക്ക് പോവുകയാണ്. എന്റെ പരമമായ ലക്ഷ്യം സിനിമയില്‍ കഴിവ് തെളിയിക്കാനുതകുന്ന ഒരു നടനാവുക എന്നതാണ്. സിനിമയുടെ മറ്റ് വഴികളിലൂടെ ഞാന്‍ പോയിട്ടില്ല. ഞാന്‍ അഭിനയത്തിന്റെ നേര്‍വഴിയിലൂടെ മാത്രമാണ് സഞ്ചരിച്ചത്.
സിനിമയുടെ പല ഗുണ ഫലങ്ങളും ലഭിക്കുന്ന പല വഴിയുമുണ്ട് എന്നാല്‍ ആ വഴിക്കൊന്നും ഞാന്‍ പോയിട്ടില്ല. ഞാന്‍ സിനിമയെ മാത്രമാണ് ഫോക്കസ് ചെയ്തത്. അതുകൊണ്ട് തന്നെയായിരിക്കാം വിവാദങ്ങളിലൊന്നും ഞാന്‍ പെട്ട് പോകാത്തത്. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്,’ മമ്മൂട്ടി പറഞ്ഞു.
content highlight: mammootty old video in kairali tv