|

പിറന്നാൾ ദുൽഖറിന്റേത്; പക്ഷെ വൈറലായത് മമ്മൂക്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ ദുൽഖർ എത്തുമെന്നായിരുന്നു പ്രേക്ഷകർ കരുതിയത്. പക്ഷെ ഇന്നത്തെ ദിവസം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ്. ദുൽഖറിന്റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അപ്ഡേറ്റുകൾ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മമ്മൂട്ടി നൽകിയത് തന്റെ പുതിയ തകർപ്പൻ ഫോട്ടോകളാണ്.

‘വേൾഡ് നേച്ചർ കൺസെർവേഷൻ ഡേ’ എന്ന ക്യാപ്‌ഷനോടെയാണ്‌ അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. പച്ചപ്പ് നിറഞ്ഞ മതിലിന്റെ അരികിലായി നിൽക്കുന്ന രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചത്. ഡെസേർട്ട് ഗ്രീൻ കളർ ഷർട്ടും നീല പാന്റും ആണ് അദ്ദേഹത്തിന്റെ വേഷം.

നസ്‌ലിൻ, നവാബ് ഷാ, സി.കെ വിനീത്, തുടങ്ങിയവർ ഫോട്ടോയുടെ കീഴിൽ കമന്റുകൾ കുറിച്ചിട്ടുണ്ട്. ദുൽഖറിനെ പിറന്നാൾ ആശംസിക്കാത്തതെന്താണ് എന്നാണ് ഇത്തവണ അദ്ദേഹത്തിന്റെ ഫോട്ടോയിൽ കാണുന്ന കമന്റുകളിൽ കൂടുതലും. ബർത്ത്ഡേ ആയിട്ടും വെറുതെ വിടില്ലെന്ന് ഒരു ആരാധകൻ കുറിച്ചപ്പോൾ മകന്റെ പിറന്നാൾ ദിനത്തിൽ അച്ഛന്റെ പിറന്നാൾ സമ്മാനം ആകുമെന്ന് മറ്റൊരാളും കുറിച്ചിട്ടുണ്ട്.

കൊച്ചിയിൽ വെച്ച് നടന്ന ‘അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഗെറ്റപ്പായിരുന്നു ഇതിന് മുൻപ് ആഘോഷിക്കപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം പങ്കുവെക്കുന്നത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയോടൊപ്പം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തമിഴ് നടി ജ്യോതിക.

മമ്മൂട്ടി കമ്പനി നിര്‍മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി കമ്പനിയുടെ റോഷാക്കും നന്‍പകന്‍ നേരത്തു മയക്കത്തിനും ശേഷം ഒരുക്കുന്ന കാതല്‍ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Content Highlights: Mammootty new photos