അപ്പൊ, ആ പോസ്റ്ററിലെ മുഖംമൂടിക്കാരന്‍ മമ്മൂട്ടിയല്ലേ?; തലച്ചോറ് പുകക്കാന്‍ റോഷാക്കിന്റെ പ്രീ റിലീസ് ടീസര്‍
Entertainment
അപ്പൊ, ആ പോസ്റ്ററിലെ മുഖംമൂടിക്കാരന്‍ മമ്മൂട്ടിയല്ലേ?; തലച്ചോറ് പുകക്കാന്‍ റോഷാക്കിന്റെ പ്രീ റിലീസ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th October 2022, 11:36 am

പ്രേക്ഷകരെ വീണ്ടും കണ്‍ഫ്യൂഷനടിപ്പിച്ച് ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് റോഷാക്ക് ടീം. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസറാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്.

28 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന്റെ അവസാന ഭാഗമാണ് ഇപ്പോള്‍ കാണികളുടെ തല പുകക്കുന്നത്. മമ്മൂട്ടി മുഖംമൂടി ധരിച്ചിരിക്കുന്ന റോഷാക്കിന്റെ ആദ്യ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ടീസറില്‍ മമ്മൂട്ടി കഥാപാത്രമായ ലൂക്ക് ആന്റണി മുഖംമൂടി വെച്ച മറ്റൊരാളെ നേര്‍ക്കുനേര്‍ നോക്കിനില്‍ക്കുന്നതാണ് കാണിക്കുന്നത്. ഇതാരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരിക്കും നാളെ ഇനി തിയേറ്ററിലേക്ക് ആളുകളെത്തുക.

ഒരു വീടും അത് വാങ്ങാനെത്തുന്ന ആളുമായും ചുറ്റപ്പെട്ടാണ് റോഷാക്കിന്റെ കഥാപരിസരം കിടക്കുന്നതെന്ന സൂചനകളാണ് ടീസര്‍ തരുന്നത്. അതിനൊപ്പം, ലൂക്ക് ആന്റണിയെ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് ഗ്രേസ് ആന്റണിയുടെ കഥാപാത്രം തീരുമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകളും വിഷ്വലുകളും ടീസറിലുണ്ട്. ഒരു മരണത്തെ കുറിച്ചും പരാമര്‍ശമുണ്ട്. ലൂക്ക് ആന്റണി വെല്‍കം ബാക്ക് എന്ന് പറയുന്ന ശബ്ദത്തിലാണ് ടീസര്‍ അവസാനിക്കുന്നത്.

അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ടീസറും ട്രെയ്‌ലറും പോസ്റ്ററുകളുമായാണ് റോഷാക്ക് റിലീസിനെത്തുന്നത്. തിയേറ്ററില്‍ കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് ടീസറിന് താഴെ വരുന്ന കമന്റുകള്‍.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.

ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ സിനിമകളില്‍ നിന്നും വഴി മാറി സഞ്ചരിക്കുന്ന ചിത്രമായിരിക്കും റോഷാക്ക് എന്നാണ് ചിത്രത്തിന്റെ പ്രസ് മീറ്റില്‍ മമ്മൂട്ടി പറഞ്ഞത്. ‘ചതിയും വഞ്ചനയും കൊലപാതകവും പ്രേമവും പ്രണയനൈരാശ്യവും പോലെ എല്ലാ മനുഷ്യ വികാരങ്ങളും ഇതിലുണ്ട്.

പക്ഷെ അതിന്റെ അവതരണരീതി, സാധാരണ വഴിയില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്നതാണ്. അതായിരിക്കും ഈ സിനിമയില്‍ നിങ്ങള്‍ക്ക് പുതുതായി കാണാന്‍ സാധിക്കുക. പുത്തന്‍ തലമുറയുടെ സിനിമാ സങ്കല്‍പങ്ങളെ പരിപൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന, താരതമ്യേന പുതിയ സംവിധായകന്റെ സിനിമയാണ് റോഷാക്ക്.

ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍, അതിന്റെ അര്‍ത്ഥമെന്താണ്, വാക്കെന്താണ് എന്നൊക്കെ ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സിനിമ സ്റ്റാര്‍ട്ടഡ് ഹീറ്റിങ് അപ്, സിനിമയും അതുപോലെയാകട്ടെ,” മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty new movie Rorschach’s pre release teaser out