| Thursday, 9th September 2021, 2:51 pm

'പുഴു' സിനിമയ്ക്കായി താടിയെടുത്ത് പുതിയ ഗെറ്റപ്പില്‍ മമ്മൂട്ടി; വി.ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആന്റോ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുഴു സിനിമയ്ക്കായി മുടി വെട്ടി താടിയെടുത്ത് പുതിയ ഗെറ്റപ്പിലുള്ള നടന്‍ മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് പങ്കുവച്ചിരിക്കുന്നത്.

‘ഇന്ന് പ്രതിപക്ഷ നേതാവിനോടും, വി.കെ അഷ്‌റഫ്ക്കയ്ക്കുമൊപ്പം തൃശൂരില്‍,’ എന്ന കുറിപ്പോടെയാണ് ആന്റോ ജോസഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കൊവിഡിന് ശേഷം താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി. എല്ലാ ചടങ്ങുകളിലും ഇതേ ലുക്കിലായിരുന്നു മമ്മൂട്ടി പങ്കെടുത്തത്.

ഇതേ ഗെറ്റപ്പിലാണ് അമല്‍നീരദ് ചിത്രം ഭീഷ്മപര്‍വത്തില്‍ അഭിനയിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ ഈ പുതിയ ഗെറ്റപ്പിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം പത്താം തിയതിയാണ് പുഴു എന്ന ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം.

ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്റെയും കലാസംവിധാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mammootty New Look Puzhu Movie

Latest Stories

We use cookies to give you the best possible experience. Learn more