| Sunday, 25th June 2023, 4:45 pm

'വിത്ത് എ പ്രെഡേഷ്യസ്' മെഗാ സ്റ്റാർ വീണ്ടും കിടിലൻ ലുക്കിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് സോഷ്യൽ മീഡിയക്ക് ചർച്ചചെയ്യാൻ സാക്ഷാൽ മമ്മൂട്ടി പുതിയൊരു ലുക്കിൽ എത്തി. ‘വിത്ത് എ പ്രെഡേഷ്യസ്’ എന്ന ക്യാപ്‌ഷനിൽ പുറത്തുവിട്ട ഫോട്ടോ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ കൊച്ചിയിൽ വെച്ച് നടന്ന ‘അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഗെറ്റപ്പിലാണ് ചർച്ചയാകുന്നത്.

വെള്ള പാന്റും, വെള്ളയിൽ ഡിസൈനുള്ള ഷർട്ടും ഒരു കൂളിംഗ് ഗ്ലാസും സ്നീക്കേഴ്‌സുമാണ് മമ്മൂട്ടിയുടെ വേഷം. വെളുത്ത നിറത്തിലെ ഒരു ലാൻഡ് റോവർ കാറും പിന്നിലായി കാണാം. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നടനും മോഡലും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ്.

ഗ്രേസ് ആന്റണി, സൃന്റ, രജിഷാ വിജയൻ, ശ്രിന്ദ, കൃഷ്ണശങ്കർ എന്നിവരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ‘പ്രായം കുറയാൻ ഇക്ക എന്താണ് കഴിക്കുന്നതെന്നും ചെക്കന് 71 വയസ്സ് ഒള്ളു’ എന്നുള്ള കമന്റുകളാണ് പോസ്റ്റിനു കീഴിൽ വരുന്നത്.

ബുഡാപെസ്റ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ മറ്റൊരു ചിത്രം പ്രേക്ഷകർ ആഘോഷിച്ചിരുന്നു. കേവലം നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ആ ചിത്രം പോസ്റ്റ് ചെയ്തത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയോടൊപ്പം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തമിഴ് നടി ജ്യോതിക.

മമ്മൂട്ടി കമ്പനി നിര്‍മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി കമ്പനിയുടെ റോഷാക്കും നന്‍പകന്‍ നേരത്തു മയക്കത്തിനും ശേഷം ഒരുക്കുന്ന കാതല്‍ പ്രേക്ഷകന് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Content Highlights: Mammootty New look

We use cookies to give you the best possible experience. Learn more