| Wednesday, 6th September 2023, 10:36 am

കണ്ണൂര്‍ സ്‌ക്വാഡില്‍ പ്രഖ്യാപനവുമായി മമ്മൂട്ടി; ട്രെയ്‌ലര്‍ നാളെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നാളെ മമ്മൂട്ടിയുടെ ജന്മദിനം കൂടിയാണ്. ഈ ദിവസം തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിങ്ങിന് അണിയറപ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

സെപ്റ്റംബര്‍ 7ന് മമ്മൂട്ടി മറ്റ് ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍ക്ക് കൂടിയുള്ള കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി കമ്പനിയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിക്കുന്നത്. സമീപകാലത്തായി വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഗംഭീരകഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. റോണി വര്‍ഗീസ്, ശബരീഷ്, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം. കാതല്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒക്ടോബറില്‍ ചിത്രം റിലീസിനെത്തുമെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ മാസം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. റോബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് എസ്. ജോര്‍ജാണ്. മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെയും വേഫെയറര്‍ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റര്‍.

2022 ഡിസംബറില്‍ കോട്ടയം പാലയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. പൂനെ, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

അതേസമയം ‘ഭ്രമയുഗം’ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ചിത്രം. രാഹുല്‍ സദാശിവന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്.

Content Highlight: Mammootty Movie Kannur Squqad Trailer Tomorrow

We use cookies to give you the best possible experience. Learn more