'പ്രതിസന്ധിയിലായിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിയ്ക്ക് സ്‌നേഹാദരങ്ങള്‍'; സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും നന്ദി അറിയിച്ച് ചലച്ചിത്ര താരങ്ങള്‍
Film News
'പ്രതിസന്ധിയിലായിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിയ്ക്ക് സ്‌നേഹാദരങ്ങള്‍'; സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും നന്ദി അറിയിച്ച് ചലച്ചിത്ര താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th January 2021, 5:05 pm

കോഴിക്കോട്: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വിനോദ നികുതിയില്‍ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും നന്ദി അറിയിച്ച് മലയാള ചലച്ചിത്ര താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തി.


‘പ്രതിസന്ധിയിലായിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹാദരങ്ങള്‍’ എന്ന് മമ്മൂട്ടി ഫേസ്ബുക്കിലെഴുതി. വിനോദനികുതിയിലെ ഇളവുള്‍പ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി ! തീയറ്ററുകളില്‍ വീണ്ടും  കാഴ്ചവസന്തം വിടരട്ടെ… എന്നായിരുന്നു മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ചത്.


മുഖ്യമന്ത്രി പിണറായി വിജയന് നന്ദി എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

മുഖ്യമന്ത്രിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ലാലിന്റെ കുറിപ്പ്.


സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായിരുന്നു.

വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് സംഘടന ഉന്നയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു.


തിയേറ്റര്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും സിനിമാ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഇന്ന് വൈകീട്ട് ചേരുന്ന സിനിമാ തീയേറ്റര്‍ ഉടമകള്‍ അടക്കമുള്ള സംഘടനകളുടെ യോഗം തീയേറ്ററുകള്‍ എന്നു തുറക്കാം എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പര്‍ സംഘടന പ്രതിനിധികള്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.


പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് അറിയിക്കുകയായിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.

50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty Mohanlal Prtviraj Manju Warrier Kunchako Boban Enterainment Tax Pinaray Vijayan