|

സുരേഷ് ഗോപിക്ക് പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഇന്ന് 64ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രിയസുഹൃത്തിന് ആശംസകളുമായി സൂപ്പര്‍ താരങ്ങളുള്‍പ്പെടെയാണ് രംഗത്തെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഷാജി കൈലാസ്, ജോണി ആന്റണി, മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ സുരേഷ് ഗോപിക്ക് ആശംസകളര്‍പ്പിച്ചു.

സുരേഷ് ഗോപിയുമൊത്ത് അവസാനം ഒന്നിച്ച് അഭിനയിച്ച കിങ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചുള്ള ചിത്രമാണ് മമ്മൂട്ടി ഷെയര്‍ ചെയ്തത്.

ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ പയറ്റിയ സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2 ആണിത്. 1995ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഹൈവേ 2. മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും ഈ സീക്വല്‍. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രമാണ് ഹൈവേ 2.

അതേസമയം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്‍ റിലീസിനൊരുങ്ങുകയാണ്. ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Mammootty, Mohanlal, Prithviraj and others wished Suresh Gopi a happy birthday