ഇത് മതി നിങ്ങളിനിയും മാസാവരുത്
Film Review
ഇത് മതി നിങ്ങളിനിയും മാസാവരുത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st December 2017, 4:00 pm

 

രാജാപാര്‍ട്ട് കഥകളും മമ്മൂട്ടിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് അവസാന ഉദാഹരണമായിരുന്നു രാജാധിരാജ. ആ ചിത്രത്തിന്റെ സംവിധായകന്‍ അടുത്ത സിനിമയുമായി എത്തുമ്പോള്‍ ആരാധകരും പ്രേക്ഷകരും മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ പോലെ തന്നെ ഒരു മാസ് മസാല സിനിമ തന്നെയാണ് പ്രതീക്ഷിച്ചത്.

ഒരു മാസ് മസാല സിനിമയിലെ അവിഭാജ്യഘടകമായ ലോജിക്കില്ലാത്ത കഥയും പത്ത് നൂറ് പേരെ ഒറ്റയ്ക്കിടിച്ചിടുന്ന നായകനേയും പ്രതീക്ഷിച്ച് തിയ്യേറ്ററില്‍ കയറുന്ന ഒരു ശരാശരി പ്രേക്ഷകനെ കൂടി നിരാശപ്പെടുത്തുകയാണ് മാസ്റ്റര്‍ പീസ് എന്ന മാസ് സിനിമ.

കൊല്ലത്തെ ഒരു പ്രമുഖ കോളെജില്‍ നടക്കുന്ന ചെറിയ സംഭവങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. ക്യാമ്പസിനുള്ളിലെ രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തുടങ്ങി ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ തുടങ്ങി ഏതാണ്ട് നാല്‍പ്പത്തി അഞ്ച് മിനിറ്റിന് ശേഷമാണ് കേന്ദ്ര കഥാപാത്രമായ എഡ്വേര്‍ഡ് ലിവിംങ്സ്റ്റണ്‍ പ്രത്യക്ഷപ്പെടുന്നത്.

നായകനെ പുകഴ്ത്തി പറഞ്ഞ് വിസലടിക്കുന്ന കഥാപാത്രങ്ങള്‍ക്ക് മാസ്റ്റര്‍പീസിലുമൊരു പഞ്ഞവുമില്ല. രണ്ടാം പകുതി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ നായകന് മാസ് കാണിക്കാനുള്ള കുറെ ഷോട്ടുകളും മൂന്ന് പാട്ടുകളും അനാവശ്യമായ സ്റ്റണ്ട് സീനുകളും കവര്‍ന്നെടുക്കുകയാണ്.

കൃത്യമായി ഒരു വഴിയില്‍ സഞ്ചരിച്ച് കൊണ്ടിരുന്ന കഥയില്‍ വഴിത്തിരിവായ നായകന്റെ എന്‍ട്രിയോട് കൂടി കഥ പലവഴികളിലൂടെ എങ്ങോട്ടൊക്കയോ സഞ്ചരിച്ച് അവസാനം പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരുന്നിടത്ത് തന്നെ കൊണ്ട് ചെന്ന് എത്തിക്കുന്നു. മലയാളത്തിലേക്ക് റീമേക്ക് ചെയ്ത തെലുങ്ക് സിനിമപോലെ കയ്യടിച്ച് എഴുന്നേറ്റു പോരാമെന്ന് കരുതുന്നിടത്ത് “പുലിമുരുകന്റെ” തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും സംവിധായകനും മറ്റൊരു ട്വിസ്റ്റ് കാത്തുവെച്ചിരുന്നു. വൗവ് ഇന്ത്യന്‍ സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ട്വിസ്റ്റ് (കഷ്ടം തന്നെ മുതലാളി കഷ്ടം)

കഥാപാത്രമായി മമ്മൂട്ടിയുടെ കടന്ന് വരവിന് ശേഷം സ്‌ക്രീനില്‍ നിറഞ്ഞ് നിന്നു എന്ന്ത് പോസ്റ്റീവായി കാണാവുന്നതാണ്. പാര്‍വ്വതിയും കസബയും വിവാദങ്ങളും നിറഞ്ഞ് നില്‍ക്കുമ്പോള്‍ യാദൃശ്ചികമായിട്ടാണെങ്കില്‍ കൂടിയും ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് നിരന്തരം മമ്മൂട്ടിയുടെ എഡ്വേര്‍ഡ് ലിവിംങ്സ്റ്റണ്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഉണ്ണിമുകുന്ദനും ഗോകുല്‍ സുരേഷിനും വരലക്ഷ്മി ശരത്കുമാറിനും സ്‌ക്രീനില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. കഥാപാത്രം പോലെ തന്നെ പാഷാണം ഷാജിയും ചിത്രത്തില്‍ ഒരു ദുരന്തമായി മാറി. കലാഭവന്‍ ഷാജോണ്‍ ആണ് പിന്നെയും പിടിച്ചിരുത്തിയത്. ഓരോസിനിമയിലുമയാള്‍ ഇംപ്രൂവ് ചെയ്യുകയാണ്.

മുഖ്യധാര സിനിമകളില്‍ തനിക്കും അഭിനയിക്കാന്‍ കഴിയുമെന്ന് സന്തോഷ് പണ്ഡിറ്റ് കാണിച്ചു തന്നിരിക്കുകയാണ്. മിന്നിമായുന്ന ഭാവങ്ങളൊന്നുമില്ലായിരുന്നെങ്കിലും വെറുപ്പിച്ചില്ല. വെറുപ്പിച്ചത് പവനായിയായിരുന്നു വീണ്ടും ശവമാവാന്‍ അവതരിച്ച പോലെ.

താരാരാധനയും തള്ളല്‍ കഥകളും കേട്ട് മടുത്ത് മലയാള സിനിമയുടെ ഒരു വശത്ത് റിയലിസത്തിന്റെ വിത്തുകള്‍ മുളപൊട്ടുമ്പോഴാണ് മറുവശത്ത് ആവര്‍ത്തിച്ച് മടുത്ത ഫോര്‍മൂല പുതിയഭാവത്തില്‍ പഴയതിലും ഭീകരമായി അവതരിപ്പിക്കുന്നത് എന്ന്ത് തീര്‍ത്തും നിരാശാജനകമാണ്. കേരളത്തിലെ പ്രമുഖ കോളെജുകളും അവിടെ പഠിച്ച് പ്രമുഖ വ്യക്തികളെയും കാണിച്ചുകൊണ്ടുള്ള ടൈറ്റില്‍ കാര്‍ഡും നന്ദുവിന്റെയും ഷാജോണുമുള്‍പ്പെടെയുള്ള ചില താരങ്ങളുടെ അഭിനയവും ചില സീനുകളും ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു കഥയെ കുറെ ക്ലീഷേ ഷോട്ടുകളുടെയും അകമ്പടിയില്‍ അവതരിപ്പിച്ച ഒരു ബിലോ അവറേജ് സിനിമ. ചിത്രത്തിന്റെ ടാഗ് ലൈന്‍ പോലെ “മാസ്റ്റര്‍ ഓഫ് കണ്ടുമടുത്ത മാസ്സ്” ആണ് മാസ്റ്റര്‍പീസ്.