|

ആര്‍ടിസ്റ്റുകളോട് മാന്യമായി പെരുമാറണമെന്നായിരുന്നു മമ്മൂട്ടി പ്രധാനമായും ആവശ്യപ്പെട്ടത്: പ്രൊഫ. അലിയാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജ്വാലയായ് സീരിയലിന്റെ പ്രൊഡക്ഷന്റെ ഭാഗമായി മമ്മൂട്ടി ആവശ്യപ്പെട്ട പ്രധാന കാര്യം ആര്‍ടിസ്റ്റുകളോട് മാന്യമായി പെരുമാറണമെന്നും അവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്നുമായിരുന്നുവെന്ന് പ്രൊഫ.അലിയാര്‍. ആര്‍ടിസ്റ്റുകള്‍ക്ക് നല്ല ഭക്ഷണം നല്‍കണമെന്നും വൈകുന്നേരത്തെ ഷോട്ടിന് വേണ്ടി രാവിലെ തന്നെ ആര്‍ടിസ്റ്റുകളെ വിളിച്ചുവരുത്തരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നതായി സീരിയലിന്റെ പ്രൊഡക്ഷന്‍ ചുമതലയുണ്ടായിരുന്ന പ്രൊഫ. അലിയാര്‍ പറഞ്ഞു. സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജ്വാലയായ് സീരിയലിന്റെ സമയത്ത് എന്നെ സന്തോഷിപ്പിച്ചിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഞാനന്ന് കോളേജില്‍ ജോലി ചെയ്യുന്ന സമയമാണ്. ഉത്തരവാദിത്തമുള്ള ജോലി തന്നെയായിരുന്നു. സീരിയലിന് അതിന്റേതായ ആളുകളെ വെച്ച് അതും നടന്ന് പോകുന്നുണ്ട്.

ഞാന്‍ എല്ലാ ദിവസവും കോളേജില്‍ നിന്നിറങ്ങി ലൊക്കേഷനില്‍ ചെന്ന് അവിടുത്തെ കാര്യങ്ങളെല്ലാം നോക്കി, നേരെ സ്റ്റുഡിയോയിലേക്ക് പോകും. സ്റ്റുഡിയോയില്‍ ചെന്ന് അടുത്ത ദിവസത്തേക്കുള്ള എപ്പിസോഡ് കണ്ട്, എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ അതെല്ലാം പറഞ്ഞ്, ഫൈനല്‍ കണ്ട് രാത്രി വീട്ടിലേക്ക് പോകും. ഇങ്ങനെയുള്ള ഒരു ജോലിയായിരുന്നു.

തുടങ്ങുന്നതിന് മുമ്പ് തന്നെ മമ്മൂട്ടി ചിലകാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്ന്, ആര്‍ടിസ്റ്റുകളോട് മാന്യമായി പെരുമാറണമെന്നായിരുന്നു. ക്ഷണിച്ച് വരുത്തുന്ന ആര്‍ടിസ്റ്റുകളോട് മാന്യമായി ഇടപെടണം, അത് സെറ്റിലെല്ലാവരോടും പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍ടിസ്റ്റ് വന്ന് കഴിഞ്ഞാല്‍ ഉടനെ അയാള്‍ക്ക് ചായവേണമെങ്കില്‍ ചായകൊടുക്കുക, സ്വീകരിച്ചിരുത്തുക എന്നൊക്ക മമ്മൂട്ടി പറഞ്ഞേല്‍പ്പിച്ചിരുന്നു. വൈകുന്നേരത്തെ ഷോട്ട് എടുക്കാന്‍ വേണ്ടി രാവിലെ തന്നെ ആര്‍ടിസ്റ്റിനെ വിളിച്ചുവരുത്തരുത്. ഷോട്ടിന് ഒരു മണിക്കൂര്‍ മുമ്പ് കൊണ്ടുവന്നാല്‍ മതി. വെറുതെ ആളുകളെ ഇരുത്തി മുഷിപ്പിക്കരുത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

ആര്‍ടിസ്റ്റുകള്‍ക്ക് നല്ല ഭക്ഷണം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ഇങ്ങനെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞേല്‍പ്പിച്ചിരുന്നു. അതെല്ലാം ഞങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിരുന്നു. യൂണിറ്റിലുള്ളവരോട് ചോദിച്ചിട്ട് തന്നെയായിരുന്നു ഭക്ഷണമടക്കം തയ്യാറാക്കിയിരുന്നത്. പുതുമന ശിവന്‍ എന്ന, അന്ന് ലഭിക്കാവുന്ന ഏറ്റവും നല്ല ഒരു കാറ്ററിങ് ഏജന്റായിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഇങ്ങനെ അതി ഗംഭീരമായാണ് ആ സീരിയലിന്റെ പ്രൊഡക്ഷന്‍ നടന്നത്,’ അലിയാര്‍ പറഞ്ഞു.

content highlights: Mammootty mainly asked artists to be treated with dignity: Prof. Aliyar

Video Stories