| Saturday, 5th December 2020, 8:32 am

275 ദിവസത്തിന് ശേഷം പുറത്തിറങ്ങി മമ്മൂട്ടി; ഇനി പ്രീസ്റ്റിന്റെ ലൊക്കേഷനിലേക്ക്; ബിലാല്‍ എന്ന് തുടുങ്ങുമെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നീണ്ട 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി. പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രമേഷ് പിഷാരടി, ആന്റോജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്കൊപ്പം കല്ലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് ചായ കുടിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്.

എം.ജി റോഡ് വഴി കണ്ടെയ്നര്‍ റോഡിലൂടെയാണ് മമ്മൂട്ടി ഇവിടെ വന്നിറങ്ങിയത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുറത്തിറങ്ങിയത്.

‘പ്രീസ്റ്റ്’ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇനി പ്രീസ്റ്റിന്റെ ഷൂട്ടിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കും.

ചിത്രങ്ങള്‍ പുറത്തെത്തിയതോടെ നിരവധി പേരാണ് ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്. ‘മമ്മൂക്ക പുറത്ത് എത്തിയല്ലോ ഇനി എന്നാണ് ബിലാല്‍ തുടങ്ങുന്നതെന്നാണ്’ ഉയരുന്ന ചോദ്യം.

നേരത്തെ മമ്മൂട്ടി പുറത്തിറങ്ങിയാല്‍ ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം ആരംഭിച്ച കാര്യം ഗോപി സുന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് ബിലാലിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

ഒപ്പം ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mammootty leaves home after 275 days Viral photos and Videos, bilal and The Priest start soon

We use cookies to give you the best possible experience. Learn more