| Sunday, 9th April 2023, 7:33 pm

വീണ്ടും തിളങ്ങാനൊരുങ്ങി 'ബസൂക്ക'യുമായി മമ്മൂട്ടി; ഇതുപോലെ വേറെ ആരുണ്ടെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു.ബസൂക്ക എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനൊ ഡെന്നിസ്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു.വി.എബ്രഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മാണം സഹില്‍ ശര്‍മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു.ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ.എന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍.

വലിയ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകര്‍ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. ബസൂക്ക ഒരു ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക് പോലെ പുതിയ രീതിയിലുള്ള സിനിമയായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 15ന് ആരംഭിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈദിന് ശേഷമാവും മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് ഉടനെ തിയേറ്ററിലെത്താനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

content highlight: mammootty latest movie first look poster

We use cookies to give you the best possible experience. Learn more