കലിപ്പന്‍ ടര്‍ബോ ജോസല്ല, ഇത് ചുള്ളന്‍ മമ്മൂക്ക, സംവിധാനം ഗൗതം വാസുദേവ് മേനോന്‍: മമ്മൂട്ടിക്കമ്പനിയുടെ പുതിയ സിനിമക്ക് കൊച്ചിയില്‍ തുടക്കം
Film News
കലിപ്പന്‍ ടര്‍ബോ ജോസല്ല, ഇത് ചുള്ളന്‍ മമ്മൂക്ക, സംവിധാനം ഗൗതം വാസുദേവ് മേനോന്‍: മമ്മൂട്ടിക്കമ്പനിയുടെ പുതിയ സിനിമക്ക് കൊച്ചിയില്‍ തുടക്കം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th July 2024, 11:59 am

വളരെ ചുരുക്കം സമയം കൊണ്ട് മികച്ച സിനിമകള്‍ മാത്രം നല്‍കിയ മലയാളത്തിലെ പ്രൊഡക്ഷന്‍ കമ്പനിയാണ് മമ്മൂട്ടിക്കമ്പനി. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നിങ്ങനെ വിവിധ ഴോണറുകളിലായി ക്വാളിറ്റി സിനിമകളാണ് മമ്മൂട്ടിക്കമ്പനി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മമ്മൂട്ടിക്കമ്പനിയുടെ സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട്.


ഇപ്പോഴിതാ മമ്മൂട്ടിക്കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. കൊച്ചിയില്‍ നടന്ന ചടങ്ങിന്റെ ഫോട്ടോസ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിലുള്ളത്.

ഗോകുല്‍ സുരേഷ്, ലെന, വിജി വെങ്കിടേഷ് (പാച്ചുവും അത്ഭുതവിളക്കും ഫെയിം) എന്നിവരും ചടങ്ങിലുണ്ടായിരുന്നു. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. തെന്നിന്ത്യന്‍ താരം സാമന്തയോ നയന്‍താരയോ ചിത്രത്തിലെ നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി ചെയ്യുന്ന മലയാളസിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ സിനിമ ചെയ്യാന്‍ ഗൗതം മേനോന്‍ ആഗ്രഹിച്ചിരുന്നു. സൈക്കോ കില്ലിങ് മുഖ്യപ്രമേയമായി വരുന്ന സിനിമ അന്ന് മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന പേടി കാരണം ആ പ്രൊജക്ട് നടക്കാതെ പോയിരുന്നു. പിന്നീട് അതേ കഥ കമല്‍ ഹാസനെ നായകനാക്കി തമിഴില്‍ വേട്ടയാട് വിളയാട് എന്ന പേരില്‍ എടുക്കുകയും വന്‍ വിജയമാവുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറിനെവെച്ച് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഗൗതം മേനോന്‍.

Content Highlight: Mammootty Kampany’s new movie shoot started