| Wednesday, 4th October 2023, 8:26 am

കിടുക്കാച്ചി മോഷന്‍ വീഡിയോയും ലോഗോയും; മമ്മൂട്ടി കമ്പനിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.

ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനി ആയിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് മമ്മൂട്ടി കമ്പനിയുടെതായി വരുന്ന ലോഗോയും മോഷന്‍ വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

കുറച്ചുനാളുകള്‍ക്ക് മുമ്പാണ് മമ്മൂട്ടി കമ്പനിയുടെ പഴയ ലോഗോയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നത്.

2021ല്‍ ഡോ.സംഗീത ചേനം പുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലുണ്ടായിരുന്ന ഡിസൈന്‍ ആയിരുന്നു പഴയ ലോഗോ എന്നായിരുന്നു വിമര്‍ശനം. ജോമോന്‍ വാഴയില്‍ എന്ന വ്യക്തി സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റിലാണ് പഴയ ലോഗോയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും അശ്രദ്ധ ഉണ്ടായെന്നും നിര്‍മാണ കമ്പനി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വിഷുവിന് റീ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കിയ ലോഗോ ആണ് ഇപ്പോള്‍ കയ്യടി നേടുന്നത്.

പുതിയ ലോഗോയും മോഷന്‍ വിഡീയോയും വെച്ച് റിലീസ് ചെയ്ത മമ്മൂട്ടി കമ്പനിയുടെ ആദ്യ സിനിമ കണ്ണൂര്‍ സ്‌ക്വാഡ് ആണ്. ആഷിഫ് സലീമാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ ലോഗോയും മോഷന്‍ വീഡിയോയും വളരെ മികച്ചു നില്‍ക്കുന്നതാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. അതേസമയം ബോക്‌സ് ഓഫീസിലും കണ്ണൂര്‍ സ്‌ക്വാഡ് തേരോട്ടം തുടരുകയാണ്.

റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ആഗോള തലത്തില്‍ 50 കോടിയിലേക്കാണ് കണ്ണൂര്‍ സ്‌ക്വാഡ് കുതിക്കുന്നത്.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlight: Mammootty Kampany new logo & motion poster getting appreciation on social media
We use cookies to give you the best possible experience. Learn more