| Saturday, 28th January 2023, 2:48 pm

മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു, നന്ദി അറിയിച്ച് മമ്മൂട്ടി കമ്പനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. സിനിമയെ അഭിനന്ദിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. 57 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം ചില സിനിമകളിലൊന്നാണ് നന്‍പകല്‍ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ് മമ്മൂട്ടി കമ്പനിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച് നന്ദി അറിയിച്ചിരിക്കുകയാണിപ്പോള്‍. സിനിമയിലെ അതികായനായ ശ്രീകുമാരന്‍ തമ്പിയുടെ അഭിന്ദനങ്ങള്‍ മറ്റെന്തിനേക്കാളും തങ്ങള്‍ക്ക് വലുതാണെന്നാണ് മമ്മൂട്ടി കമ്പനി അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും മമ്മൂട്ടി ഉയരങ്ങളിലെത്തിയിരിക്കുന്നു എന്നും അദ്ദേഹത്തിന്റെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി ജീനിയസാണെന്നും ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ പോകുന്നതേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടു. നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരന്‍ ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നതേയുള്ളൂ. 57 വര്‍ഷം സിമക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം,’ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു.

തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ട് ഒരു ദിവസം പെട്ടുപോകുന്ന മലയാളി സംഘത്തിന്റെ കഥയാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയില്‍ സുന്ദരം, ജെയിംസ് എന്നീ പേരുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സാധാരണ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നന്‍ പകല്‍. എല്‍.ജെ.പിയില്‍ നിന്നും ഇതുപോലെ ശാന്തമായ ഒരു സിനിമ ആരും പ്രതീക്ഷിച്ചുകാണില്ല.

content highlight: mammootty kambany share sreekumaran thampi facebook post

We use cookies to give you the best possible experience. Learn more