| Thursday, 28th December 2023, 5:23 pm

മമ്മൂട്ടിയോടും കമല്‍ ഹാസനോടും അമിതാഭ് ബച്ചനോടും ഒരു ചോദ്യമുണ്ട്, അവര്‍ക്കേ ഉത്തരം നല്‍കാനാവൂ: ജ്യോതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറ്റവും ആരാധന തോന്നിയ നടന്മാരേയും അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ പറ്റിയും സംസാരിക്കുകയാണ് ജ്യോതിക. മമ്മൂട്ടിയും അമിതാഭ് ബച്ചനും കമല്‍ ഹാസനുമാണ് തനിക്ക് ഏറ്റവും ആരാധന തോന്നിയ നടന്മാര്‍ എന്ന് പറഞ്ഞ ജ്യോതിക അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം ഏതെന്നും പറഞ്ഞു. ഫിലിം കംപാനിയന്‍ നടത്തിയ ആക്ടേഴ്‌സ് ആഡയില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക. വിക്രാന്ത് മാസി, തിലോത്തമ ഷോം, സിദ്ധാര്‍ത്ഥ്, ജയ്ദീപ് അഹ്ലാവത്, ബോബി ഡിയോള്‍, കരീന കപൂര്‍ എന്നിവരും പരിപാടിയില്‍ ഉണ്ടായിരുന്നു.

‘എന്റെ ലിസ്റ്റ് നീണ്ടതാണ്. തീര്‍ച്ചയായും അതില്‍ ആദ്യം വരിക അമിതാഭ് ബച്ചനായിരിക്കും. പിന്നെ മമ്മൂട്ടി സാറും കമല്‍ ഹാസനുമുണ്ട്. കരിയറിന്റെ പോയിന്റില്‍ സിനിമക്ക് തിരികെ എന്തെങ്കിലും നല്‍കുന്ന ഘട്ടമുണ്ടാവുമല്ലോ. അത് എപ്പോള്‍ മുതലായിരുന്നു എന്ന് എനിക്ക് അവരോട് ചോദിക്കണം. അവരെപോലെയുള്ള വലിയ നടന്മാര്‍ക്കേ അതിന് ഉത്തരം പറയാനാവൂ.

സിനിമയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ നാം സ്വീകരിക്കാറുണ്ട്. എന്നാല്‍ തിരികെ കൊടുക്കുന്ന ഒരു സമയം വരും. ആ തിരികെ നല്‍കല്‍ മനോഹരമാണ്. അങ്ങനെ തിരികെ നല്‍കിയ കുറച്ച് നടന്മാരുണ്ട്. ഏത് പോയിന്റിലാണ് ആ പരിണാമം സംഭവിച്ചതെന്ന് എനിക്ക് അവരോട് ചോദിക്കണം,’ ജ്യോതിക പറഞ്ഞു.

അതേസമയം സെയ്ഫ് അലി ഖാന്റെ പേരാണ് കരീന കപൂര്‍ പറഞ്ഞത്. ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ മനസിലാകെ സിനിമയാണ്. സെയ്ഫ് ഒരുപാട് സിനിമകള്‍ കാണും. ഒരുപാട് സിനിമകളെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അദ്ദേഹം ഒരു പാത്‌ബ്രേക്കറാണ്. കാരണം ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് പോയ ആദ്യതാരങ്ങളില്‍ ഒരാളാണ്.

നടനെന്ന നിലയില്‍ ക്രേസി മൈന്‍ഡാണ് അദ്ദേഹത്തിന്. വന്യമായ ചിന്തകളാണ് ഉള്ളത്. ഒരുപാട് വായിക്കും. ഒരുപാട് താരങ്ങളുടെ അഭിമുഖങ്ങള്‍ കാണും. വെളുപ്പിനെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയായിരിക്കും അത് കാണുന്നത്. ആ സമയത്ത് ഞാന്‍ എഴുന്നേറ്റാല്‍ എന്നോട് അതിനെ പറ്റി സംസാരിച്ചുകൊണ്ടിരിക്കും.

ഇതുകൊണ്ടൊക്കെ മികച്ചൊരു നടനെ പറയാന്‍ എനിക്ക് അധികം മുന്നോട്ട് പോകേണ്ടി വരില്ല. ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഞാനും അദ്ദേഹത്തിന്റെ വര്‍ക്ക് ആസ്വദിക്കുന്നുണ്ട്. മുന്നോട്ട് പോകാന്‍ എന്നേയും പ്രചോദിപ്പിക്കാറുണ്ട്,’ കരീന പറഞ്ഞു.

അതേസമയം തബുവിന്റെ പേരാണ് തിലോത്തമ ഷോമും ജയദീപും പറഞ്ഞത്. വിക്രാന്ത് മാസി അമിതാഭ് ബച്ചനേയും സിദ്ധാര്‍ത്ഥ് കമല്‍ ഹാസന്റേയും പേരാണ് പറഞ്ഞത്. പിതാവായ ധര്‍മേന്ദ്രയുടെ പേരാണ് ബോബി ഡിയോള്‍ പറഞ്ഞത്.

Content Highlight: Mammootty, Kamal Haasan and Amitabh Bachchan have a question that only they can answer, says Jyothika

Latest Stories

We use cookies to give you the best possible experience. Learn more