| Tuesday, 4th October 2022, 2:45 pm

ദുല്‍ഖറിന്റെ ബിഗ് ബി പ്രീക്വല്‍ വരുന്നുണ്ടെന്ന് അമല്‍ നീരദ് പറഞ്ഞോ; മാധ്യമപ്രവര്‍ത്തകനോട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ഇടക്കിടക്ക് സജീവമാകുന്ന ചര്‍ച്ചയാണ് മമ്മൂട്ടി ചിത്രം ബിലാല്‍. ഇതില്‍ ദുല്‍ഖറുമെത്തുന്നു എന്ന ചര്‍ച്ചകളും ഇടക്ക് നടക്കാറുണ്ട്. ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദിന്റെ സംവിധാനത്തില്‍ ബിഗ് ബി പ്രീക്വല്‍ സീരിസ് വരുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി.

റോഷാക്ക് പ്രസ് മീറ്റിലാണ് ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. മമ്മൂക്ക സീരിസിലുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. അമല്‍ നീരദ് അങ്ങനെ പറഞ്ഞോയെന്നായിരുന്നു ഈ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുചോദ്യം. വാര്‍ത്തകള്‍ വരട്ടെ വന്നാല്‍ സത്യം, വന്നില്ലെങ്കില്‍ നുണയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

റോഷാക്കിനോടനുബന്ധിച്ച്, കഥ പറഞ്ഞ് ഫലിപ്പിക്കുന്നതുപോലെ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്നില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് മമ്മൂട്ടി തിരിച്ച് പറഞ്ഞത്.

അവതാരകയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തിലും മമ്മൂട്ടി പ്രതികരിച്ചിരുന്നു. ആരേയും വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞതെന്നും തൊഴില്‍ നിഷേധിക്കാന്‍ പാടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

‘തൊഴില്‍ നിഷേധം തെറ്റാണ്. വിലക്കിയിട്ടില്ലെന്നാണ് ഞാന്‍ അറിഞ്ഞത്. ഒരാളെയും വിലക്കാന്‍ പാടില്ല. എന്തിനാണ് അന്നം മുട്ടിക്കുന്നത്. അവരുടെ തൊഴില്‍ നിഷേധിക്കാന്‍ പാടില്ല,’ മമ്മൂട്ടി പറഞ്ഞു.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Mammootty is answering the question whether there is a Big B prequel series under the direction of Amal Neerad with Dulquer 

We use cookies to give you the best possible experience. Learn more